ബംഗളൂരു: ഗോമൂത്രത്തില്‍ നിന്ന് നൂറിലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭുട്ടുകണ്ട് ചൗഹാന്‍. ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും ഓയില്‍ പെയിന്റും നിര്‍മിക്കാനാണ് പദ്ധതി. സംസ്ഥാനത്ത് ഗോശാലകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. എല്ലാ ജില്ലയിലും ഗോശാല നിര്‍മിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഗോശാലകള്‍ നിര്‍മ്മിക്കുക മാത്രമല്ല, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. മൂന്നു സംസ്ഥാനങ്ങളിലെ പര്യടനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ചില ഗോശാലകളെ പദ്ധതിക്കായി തെരഞ്ഞെടുക്കുമെന്നും പിന്നീട് എല്ലാ ഗോശാലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നൂറിലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവുള്ള 458 തസ്തികകള്‍ നികത്താന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.