തിരുവനന്തപുരം: കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ദിവസ ട്രെയിനുകളിലെ സ്ലീപ്പര്‍ ബര്‍ത്തുകള്‍ വെട്ടിക്കുറച്ച് റെയില്‍വെയുടെ കനത്ത നടപടി. ദിവസേന ട്രെയിനുകളിലെ 72 സ്ലീപ്പര്‍ ബര്‍ത്തുകളാണ് റെയില്‍വേ ഒഴിവാക്കിയത്. അതേ സമയം ആഴ്ചവണ്ടികളില്‍ ഒരു കോച്ച് കൂട്ടുകയും ചെയ്തു. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് ദിവസവുമുള്ള രണ്ട് തീവണ്ടികളില്‍ ഒരു സ്ലീപ്പര്‍ കോച്ച് വീതമാണ് കുറച്ചത്. ഇതുമൂലം മലബാര്‍, മാവേലി എക്‌സ്പ്രസുകളിലെ തത്കാല്‍, പ്രമീയം തത്കാല്‍ ക്വാട്ടകളും കുറയും. നടപടി യാത്രക്കാര്‍ക്ക് അസൗകര്യമാണെങ്കിലും റെയില്‍വേയ്ക്ക് ഇതുമൂലം ലാഭമാണ് ഉണ്ടാകുന്നത്. ജനുവരി 28 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.
ദിവസ വണ്ടികളില്‍ യാത്ര ചെയ്യുന്ന കേരളത്തിലെ നിരവധി യാത്രക്കാര്‍ക്കാണ് റെയില്‍വേയുടെ ഈ നപടി മൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എന്നിവയിലും 72 സ്ലീപ്പര്‍ ബര്‍ത്തുകള്‍ കുറയും. പ്രതിദിന വണ്ടികളില്‍ ഒരു സ്ലീപ്പര്‍ കോച്ച് കുറയ്ക്കുമ്പോള്‍ ആഴ്ചവണ്ടികളില്‍ 72 സ്ലീപ്പര്‍ ബര്‍ത്തുകള്‍ കൂട്ടി. പുതുച്ചേരി-മംഗളൂരു വീക്ക്ലി എക്‌സ്പ്രസ്. മംഗളൂരു-പുതുച്ചേരി, പുതുച്ചേരി-കന്യാകുമാരി എന്നീ ആറു ട്രെയിനുകളിലാണ് പുതിയ സ്ലീപ്പര്‍ കോച്ചുകള്‍ ചേര്‍ക്കുന്നത്.