
ന്യൂയോർക്ക്: കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സ്‌കൈപ്പ് വെറുമൊരു ആപ്ലിക്കേഷന്‍ മാത്രമല്ല. ആഗോള ജനതയുടെ ഡിജിറ്റല്‍ ജീവിതശൈലിയുടെ ഭാഗമായിരുന്നു എന്ന് തന്നെ പറയാം. ഇന്ന് കാണുന്ന ഗൂഗിള്‍ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്‌ക്കെല്ലാം മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അകന്നു കഴിയുന്ന പ്രിയപ്പെട്ടവരേയും അതിരുകളില്ലാത്ത സൗഹൃദങ്ങളേയും കൂട്ടിയിണക്കിയ സ്‌കൈപ്പ്,
വാണിജ്യസ്ഥാപനങ്ങളിലെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും ഉപയോഗിക്കപ്പെട്ടു. ഒരിക്കല്‍ ഒരു തലമുറയുടെ ജീവിതത്തില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്ന സ്‌കൈപ്പ് എന്ന സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. പകരം സൗജന്യ സേവനമായ മൈക്രോസോഫ്റ്റ് ടീമിന് പ്രചാരം നല്‍കാനാണ് നീക്കം.
2003 ല്‍ സ്വീഡനില്‍ നിന്നുള്ള നിക്ലാസ് സെന്‍സ്‌ട്രോം ഡെന്‍മാര്‍ക്കുകാരനായ ജാനസ് ഫ്രിസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈപ്പിന് തുടക്കമിട്ടത്. എസ്റ്റോണിയക്കാരായ ആഹ്ട്ടി ഹെന്‍ല, പ്രിറ്റ് കസെസലു, ജാന്‍ ടല്ലിന്‍, ടോവിയോ അന്നസ് എന്നീ ഡെവലപ്പര്‍മാര്‍ ചേര്‍ന്നാണ് സ്‌കൈപ്പ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. ഐപി അധിഷ്ഠിത വീഡിയോ കോണ്‍ഫറന്‍സിങ്, വീഡിയോ കോള്‍ സേവനമായിരുന്നു ഇത്.
അതിവേഗമുള്ള സന്ദേശകൈമാറ്റം, ഫയല്‍ ട്രാന്‍സ്ഫര്‍, ലാന്റ് ലൈന്‍ ഫോണുകളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഫോണ്‍ വിളിക്കാനുള്ള സൗകര്യം എന്നിവയെല്ലാം സ്‌കൈപ്പില്‍ ലഭ്യമായിരുന്നു. ഡെസ്‌ക്ടോപ്പ് മൊബൈല്‍ വീഡിയോ ഗെയിം കണ്‍സോള്‍ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇത് ലഭ്യമായി.
ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയത്തില്‍ വലിയ വിപ്ലവമാണ് സ്‌കൈപ്പ് സൃഷ്ടിച്ചത്. ഇത് സൗജന്യമായാണ് നല്‍കിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണ ഫോണ്‍ ശൃംഖലയില്‍ അന്താരാഷ്ട്ര ഫോണ്‍ വിളിക്കുന്നതും വീഡിയോകോള്‍ ചെയ്യുന്നതും വലിയ ചെലവായിരുന്ന കാലത്താണ് സ്‌കൈപ്പ് സൗജന്യ സേവനം വാഗ്ദാനം ചെയ്തത്.
നേരില്‍ കണ്ട് സംസാരിക്കാന്‍ ഇന്നത്തെ അതിവേഗ ഇന്റര്‍നെറ്റും വാട്‌സാപ്പും മറ്റ് ആപ്പുകളും വ്യാപകമാകുന്നതിന് മുമ്പ് അന്യനാട്ടിലുള്ള ഉറ്റവരെ നേരില്‍ കണ്ട് സംസാരിക്കാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത് സ്‌കൈപ്പ് ആയിരുന്നു.
2003 ല്‍ ആരംഭിച്ച സ്‌കൈപ്പിനെ 2005ല്‍ ഈബേ (ebay) 260 കോടി ഡോളറിന് ഏറ്റെടുത്തു. 2009 സെപ്റ്റംബറില്‍ സില്‍വര്‍ ലേക്ക്, ആന്‍ഡ്രീസന്‍ ഹോറോവിറ്റ്‌സ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്‌കൈപ്പിന്റെ 65 ശതമാനം ഓഹരി ഈബേയില്‍ നിന്ന് വാങ്ങി. 2011 ലാണ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സേവനത്തിന് പകരമായി 850 കോടി ഡോളറിന് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ സ്വന്തമാക്കുന്നത്.
വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം ലഭിച്ചതോടെ വീഡിയോ കോള്‍ സേവനങ്ങള്‍ ആളുകള്‍ കൂടുതല്‍ സുഗമമായി. 2017 ല്‍ ചില മാറ്റങ്ങള്‍ സ്‌കൈപ്പില്‍ കൊണ്ടുവന്നെങ്കിലും അവയൊന്നും കാര്യമായി ഫലം കണ്ടില്ല. അപ്പോഴേക്കും മൈക്രോസോഫ്റ്റ് ടീംസ് അവതരിപ്പിക്കപ്പെട്ടിരുന്നു.
പിന്നീട് കോവിഡ് കാലത്ത് സൂം, ടീംസ്, മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രചാരം നേടിയതും സ്‌കൈപ്പിന് തിരിച്ചടിയായി. വീഡിയോ കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അക്കാലത്ത് ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറി. 2021 ല്‍ തന്നെ സ്‌കൈപ്പ് സേവനം അവസാനിപ്പിച്ചേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു.
പിന്നീടുള്ള വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമായതും ഇന്റര്‍നെറ്റിന് ചിലവ് കുറഞ്ഞതും മൈക്രോസോഫ്റ്റ് സ്‌കൈപ്പിന് പകരം ടീംസിന് പ്രാമുഖ്യം നല്‍കിയതും സ്‌കൈപ്പിന്റെ പിന്നോട്ട് പോക്കിന് ആക്കംകൂട്ടി. 2025 മുതല്‍ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് 2025 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. സ്‌കൈപ്പിന്റെ സ്ഥാനത്തേക്ക് മൈക്രോസോഫ്റ്റ് ടീംസിലാണ് കമ്പനി ഇനി ശ്രദ്ധ ചെലുത്തുക.