KeralaNews

തൊലിപ്പുറത്തും ലക്ഷണങ്ങള്‍? കൊവിഡ് നേരത്തെ തിരിച്ചറിയാം

മുംബൈ:കൊവിഡ് 19മായുള്ള ( Covid 19 ) പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ( Omicron India ) ആണ് ഇപ്പോള്‍ ഇന്ത്യയിലടക്കം പുതിയ കൊവിഡ് തരംഗത്തിന് തുടക്കമിട്ടത്. 

നേരത്തേ രാജ്യത്ത് അതിശക്തമായ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. ഓരോ വകഭേദങ്ങളെത്തുമ്പോഴും രോഗലക്ഷണങ്ങളുടെ കാര്യത്തിലും രോഗതീവ്രതയുടെ കാര്യത്തിലും നേരിയ വ്യത്യാസങ്ങളെങ്കിലും കണ്ടെത്തുന്നുണ്ട്. 

എങ്കില്‍ക്കൂടിയും ഒരുപിടി ലക്ഷണങ്ങള്‍ കൊവിഡിന്റേതായി പൊതുവില്‍ നാം കണക്കാക്കുന്നുണ്ട്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, തളര്‍ച്ച ഇവയെല്ലാമാണ് പ്രധാനമായും ഇതിലുള്‍പ്പെടുന്നത്. ഇവയ്ക്ക് പുറമെ ഛര്‍ദ്ദി, ഗന്ധം നഷ്ടമാകുന്ന അവസ്ഥ തുടങ്ങി മറ്റ് പല പ്രശ്‌നങ്ങളും കൊവിഡ് ലക്ഷണമായി വരാം. 

ചര്‍മ്മത്തിലും കൊവിഡിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ കാണാമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാലിത് എല്ലാവരിലും കാണപ്പെടില്ല. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജി’യില്‍ വന്ന പഠനറിപ്പോര്‍ട്ട് പ്രകാരം രോഗം ബാധിക്കുന്ന ഒരു ചെറിയ വിഭാഗത്തിന് തൊലിയില്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം. 

പഠനത്തില്‍ പങ്കെടുത്ത കൊവിഡ് പൊസിറ്റീവായ പതിനായിരത്തിലധികം പേരില്‍ ഏതാണ്ട് ഒമ്പത് ശതമാനത്തോളം പേരിലാണ് ഇത്തരത്തില്‍ ചര്‍മ്മത്തില്‍ ലക്ഷണങ്ങള്‍ കണ്ടതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

‘കൊവിഡ് ടോസ്’ എന്നറിയപ്പെടുന്ന, കാല്‍വിരലുകളില്‍ കാണുന്ന തടിപ്പാണ് ഇതില്‍ പ്രധാന സൂചന. ചുവന്ന നിറത്തില്‍ കാല്‍വിരലുകളില്‍ കുരു വരികയും ഇത് ചെറുതായി വീര്‍ക്കുകയും ചെയ്യുന്നതാണ് ‘കൊവിഡ് ടോസ്’. മഞ്ഞുകാലങ്ങളില്‍ അല്ലാതെ തന്നെ ഇങ്ങനെ വന്നേക്കാം. എന്നാല്‍ കൊവിഡിന്റെ ലക്ഷണമായും ഇതും വരാം. 

ചൊറിച്ചിലും (എക്‌സീമ) കൊവിഡ് ലക്ഷണമായി വന്നേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ചുവന്ന നിറത്തില്‍ പാടുണ്ടാവുകയും ചൊറിച്ചിലും അസ്വസ്ഥതയും ചര്‍മ്മം വരണ്ടുപൊട്ടുകയും ചെയ്യുന്ന അവസ്ഥയാണിത്. കഴുത്ത്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലാണ് ഇത് വരിക. കൊവിഡ് ഉള്ളവരില്‍ എന്തുകൊണ്ടാണ് ഇത് കാണപ്പെടുന്നത് എന്നത് വ്യക്തമല്ല. 

കൊതുക് കടിച്ച് തിണര്‍ക്കുന്നത് പോലുള്ള പാടുകളും ചില സന്ദര്‍ഭങ്ങളില്‍ കൊവിഡിനെ സൂചിപ്പിക്കാന്‍ കണ്ടേക്കാം. ഇതില്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാം. മുഖത്തോ തുടയിലോ പുറംഭാഗത്തോ ആണ് ഇതുണ്ടാവുക. 

ചിലരില്‍ കൊവിഡിന്റെ ഭാഗമായി ചുണ്ടുകളിലും തടിപ്പോ, കുമിളയോ വരാം. ഇതുമൂലം ചുണ്ട് വരണ്ടുപൊട്ടുകയും, തൊലിയടര്‍ന്നുപോരികയും ചെയ്യുന്ന അവസ്ഥയുമുണ്ടാകുന്നു. ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കൊവിഡിന്റെ ഭാഗമായി വരുന്ന പ്രശ്‌നങ്ങള്‍ രോഗം ഭേദമായ ശേഷവും ആറാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡെര്‍മറ്റോളജിസ്റ്റിനെ കാണിച്ച് വേണ്ട പരിഹാരം തേടേണ്ടതാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button