KeralaNews

ഇടുക്കി ജില്ലയിൽ വനിതാ ഡോക്ടർ ഉൾപ്പെടെ ആറു പേർക്കു കൂടി കോവിഡ്

ഇടുക്കി: ജില്ലയിൽ രോഗിയെ ചികിത്സിച്ച വനിതാ ഡോക്ടർ ഉൾപ്പെടെ ആറുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി.വണ്ടൻമേട്, ഉപ്പുകണ്ടം, ഏലപ്പാറ (2), വണ്ടിപ്പെരിയാർ (2) എന്നിങ്ങനെയാണ് പുതിയ രോഗികൾ.

വണ്ടൻമേട്ടിൽ 24 കാരനാണ് രോഗം ബാധിച്ചത്. ഇയാൾ മലപ്പുറത്ത് നിന്നാണ് മാർച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടിൽ എത്തിയത്. ബൈക്കിലായിരുന്നു വന്നത്. തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു.

ചെമ്പകപ്പാറ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50 കാരൻ കഴിഞ്ഞ മാർച്ച് 15ന് ജർമനിയിൽ നിന്നു സ്പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നു വന്നതാകയാൽ സാധാരണ രീതിയിൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഏലപ്പാറ പിഎച്ച്സിയിലെ 41 കാരിയായ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. മൈസൂറിൽ നിന്ന് വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്ന് കരുതുന്നു. ഡോക്ടർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അമ്മ ഏലപ്പാറ പി.എച്ച്സിയിൽ ചികിത്സ തേടിയിരുന്നു.

ഏലപ്പാറയിലെ തന്നെ 54 കാരിയാണ് മറ്റൊരു രോഗി. ഇവർ അടുത്ത് രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.

വണ്ടിപ്പെരിയാർ താമസക്കാരനായ അച്ഛനും (35), ഏഴു വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്നാട്ടിലെ തിരുന്നൽവേലിയിൽ പോയി എപ്രിൽ 12 ന് വീട്ടിൽ വന്നു. പിന്നീട് അച്ഛൻ്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.
ആറു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നും ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker