NationalNews

ഡൽഹിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം, തൻ്റെ വീട്ടിലും പരിശോധന നടന്നതായി സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഡൽഹിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തന്റെ വസതിയിലെ റെയിഡ് പാർട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പ്രതികരണമറിയിച്ചിരുന്നു.

എകെജി സെൻ്ററിലെ ജീവനക്കാരൻ തന്‍റെ വസതിയിൽ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരൻ്റെ മകൻ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നു എന്നതിന്‍റെ പേരിലാണ് പരിശോധന നടന്നത്. ഇവിടെ നിന്നും ലാപ്ടോപ് ഉൾപ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി അറിവില്ലെന്നും യെച്ചൂരി വിശദമാക്കി. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ രാവിലെ ഒൻപത് വരെയാണ് റെയിഡ് നടന്നത്. 

ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമ സ്വാതന്ത്ര്യം തകർന്നു എന്നതിൻ്റെ തെളിവാണിതെന്നും യെച്ചൂരി വിമർശിച്ചു. എന്താണ് അന്വേഷിക്കുന്നത് എന്നോ എന്തിനാണ് റെയ്ഡ് നടത്തിയതെന്നോ അറിയില്ല. എന്ത് കുറ്റങ്ങളാണ് ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകർക്ക് എതിരെ ചുമത്തിയതെന്നോ എന്താണ് ഭീകരവാദ ബന്ധം എന്നോ അറിയില്ല. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

യുഎപിഎ ചുമത്തിയെന്ന് പറയുന്നുണ്ട്. കേസ് ചുമത്തി മാധ്യമപ്രവർത്തകരെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയാൽ പിന്നെ ഒന്നും അറിയിക്കണ്ടല്ലോ എന്നും യെച്ചൂരി പരിഹസിച്ചു. 

ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ദില്ലി പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്‍റെ  X ഹാൻഡിൽ സസ്പെൻഡ് ചെയ്തിരുന്നു. സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഹൈകോടതി മുൻ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖർ കത്തെഴുതിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker