26.6 C
Kottayam
Saturday, May 18, 2024

വത്തിക്കാന് സിസ്റ്റർ ലൂസി കളപ്പുരയുടെ കത്ത്, മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യം

Must read

വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു.

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉന്നത സഭാ അധികാരികള്‍ക്ക് സിസ്റ്റര്‍ വീണ്ടും അപ്പീലയച്ചിരിക്കുന്നത്.

സഭാ ചട്ടങ്ങള്‍ക്കുവിരുദ്ധമായി ജീവിക്കാത്ത തനിക്കെതിരെ എഫ്‌സിസി അധികൃതര്‍ സ്വീകരിച്ച പുറത്താക്കല്‍ നടപടി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. ഇതുവരെ തന്റെ ഭാഗം പറയാന്‍ അവസരം ലഭിച്ചിട്ടില്ല, തനിക്ക് പറയാനുള്ളത് സഭ കേള്‍ക്കണം, കാര്‍ വാങ്ങിയതും ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയതും കവിതയെഴുതിയതും തെറ്റായി കരുതാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ലെന്നും 12 പേജുള്ള അപ്പീലില്‍ സിസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ബലാല്‍സംഗ കേസുകളിലും ഭൂമി കുംഭകോണ കേസുകളിലും ഉന്നത സഭാ അധികൃതര്‍ ഉള്‍പ്പെടുന്നത് വിശ്വാസികളെ സഭയില്‍ നിന്നും അകറ്റാന്‍ കാരണമാകുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ ഇനിയും വൈകുന്നത് അനീതിയാണെന്നും അപ്പീലില്‍ പറയുന്നു.

തനിക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ഭാഗമായി തന്നെ തുടരാനാണ് താല്‍പര്യമെന്നും ഒരുതരത്തിലും സഭ അത് അനുവദിക്കുന്നില്ലെങ്കില്‍ തനിക്ക് കന്യാസ്ത്രീയായി തന്നെ തുടരാന്‍ മഠത്തിന് പുറത്ത് മറ്റൊരു വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്നും അല്ലെങ്കില്‍ താന്‍ ഇതുവരെ സഭയ്ക്ക് നല്‍കിയ തന്റെ വരുമാനമടക്കം തനിക്ക് തിരിച്ചുനല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week