ഫെയ്സ്ബുക്ക് പേജിൽ അശ്ലീല വീഡിയോ; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ഗായിക
കൊച്ചി:തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഗായിക ചിത്ര അരുൺ. കഴിഞ്ഞദിവസം ചിത്രയുടെ പേജിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു.
രണ്ട് ദിവസങ്ങൾക്കുമുമ്പാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ചിത്ര അരുൺ അറിയിച്ചത്. സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നെങ്കിലും പ്രത്യേകിച്ചു നടപടി ഒന്നും അവർ സ്വീകരിച്ചിട്ടില്ല. ഫെയ്സ്ബുക് അധികൃതരേയും മെയിൽ വഴി വിവരം അറിയിച്ചിരുന്നു. പക്ഷേ, പ്രയോജനകരമായ നടപടി അവിടെ നിന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം എന്റെ പേരിലുള്ള പേജിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാര്യം എന്റെ സുഹൃത്തുക്കളും പരിചയക്കാരും എന്നെ അറിയിച്ചു. മൂന്നാമതൊരാളെപ്പോലെ മാത്രമേ എനിക്കും എന്റെ പേജ് കാണാൻ പറ്റുന്നുള്ളൂ. അല്ലാതെ വേറൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്റെ ആ പേജ് പിന്തുടരുന്നവരാണെങ്കിൽ ദയവ് ചെയ്ത് അൺഫോളോ ചെയ്ത് പേജ് റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. ചിത്ര അരുൺ കൂട്ടിച്ചേർത്തു.
തന്റെ മറ്റൊരു അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ വീഡിയോ ആയി ചിത്ര അരുൺ പങ്കുവെച്ചത്. ഹാക്ക് ചെയ്യപ്പെട്ട പേജ് റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു പോസ്റ്റും ചിത്ര ഷെയർ ചെയ്തിട്ടുണ്ട്.
ഹൗസ്ഫുൾ, റാണി പദ്മിനി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിൽ ചിത്ര അരുൺ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും സജീവമാണ് ഗായിക. ചിത്ര അരുൺ ആലപിച്ച ഓണപ്പാട്ടുകളും ഏറെ ശ്രദ്ധേയമാണ്.