അടിമാലി: കാണാതായ സിന്ധുവിന്റെ 13 കാരന്‍ മകന്റെ സംശയമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ സഹായകമായത്. ആഗസ്റ്റ് 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് ഈ വിവരം മകന്‍ സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. 15 ന് സഹോദരങ്ങള്‍ വെളളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
രണ്ട് ദിവസം മുന്‍പ് ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ സംശയം വര്‍ദ്ധിച്ചു. ഇവര്‍ ബിനോയിയുടെ വീട് പരിശോധിക്കാന്‍ തീരുമാനിച്ചു. ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയ നിലയിലായിരുന്നു.
വീട്ടിനുളളില്‍ കയറിയ ഇവര്‍ കുട്ടി പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു. പിന്നീട് തൂമ്പ ഉപയോഗിച്ച് അടുക്കളയില്‍ പുതിയതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയ്യും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒളിവില്‍ പോയ ബിനോയി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.
29 ന് തൃശൂരില്‍ ബിനോയി എ.ടി.എം ഉപയോഗിച്ച് പണം എടുത്തതായി പൊലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും ബിനോയി എത്തിയതായി പൊലീസിന് വിവരമുണ്ട്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണങ്ങളെല്ലാം വിഫലമാവുകയായിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് ബിനോയി എന്നും നേരത്തെ വിവിധങ്ങളായ കേസില്‍ ബിനോയി ഉള്‍പ്പെട്ടതായും പൊലീസ് പറയുന്നു. അകന്ന് കഴിയുന്ന സിന്ധുവിന്റെ ഭര്‍ത്താവ് അടുത്തിടെ പലകുറി സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു . ഇതോടെ ബിനോയി അസ്വസ്ഥനായി. സിന്ധുവിനോട് ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സിന്ധു തീരുമാനിച്ചതോടെ സിന്ധുവിനെ വകവരുത്തിയെന്നാണ് പൊലീസിന്റെ സംശയം.