മുംബൈ:ന്യൂസിലാന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകളുടെ ഭാഗമായിരുന്ന സഞ്ജു സാംസണിനെ ഇന്ത്യ ഒരു മല്‍സരത്തില്‍ മാത്രം കളിപ്പിച്ച ശേഷം തഴഞ്ഞതിനെതിരേ വിമര്‍ശനം ശക്തമാണ്. ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. പകരം ഇഷാന്‍ കിഷനാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായെത്തിയത്.
ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞ ഇന്ത്യന്‍ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. സഞ്ജുവിന് അവസരം നല്‍കാതെ ഇനിയും അരങ്ങേറിയിട്ടില്ലാത്ത രജത് പാട്ടിധറിനെ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
സഞ്ജു ടീമില്‍ വേണമായിരുന്നു
ബംഗ്ലാദേശ് പര്യനത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ സംഘത്തില്‍ വേണമായിരുന്നു. രജത് പാട്ടിധറിനെ എന്തിനു ടീമില്‍ എടുത്തുവെന്നത് എനിക്കു മനസ്സിലാവും. അതില്‍ കുഴപ്പവുമില്ല. പക്ഷെ ഒരുപാട് ബാറ്റര്‍മാര്‍ ഇന്ത്യക്കുണ്ടെന്നു നിങ്ങള്‍ക്കറിയാം. സഞ്ജു മിടുക്കനായ ക്രിക്കറ്ററാണ്. ബംഗ്ലാദേശിനെതിരേ ടീമില്‍ വേണ്ടിയിരുന്നു. പക്ഷെ എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത്? പാട്ടിധാറിനെ എന്തുകൊണ്ട് എടുത്തുവെന്നും സൈമണ്‍ ഡൂള്‍ ക്രിക്ക്ബസിന്റെ ഷോയില്‍ പറഞ്ഞു.
പാട്ടിധര്‍ നേരത്തേയും ടീമില്‍
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് രജത് പാട്ടിധര്‍. ഇതാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചിരിക്കുന്നത്.
ആദ്യമായിട്ടല്ല പാട്ടിധറിനു ടീമിലേക്കു നറുക്കുവീഴുന്നത്. നേരത്തേ സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും താരം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പരമ്പരയിലെ ഒുരു മല്‍സരം പോലും കളിപ്പിച്ചില്ല.
സഞ്ജുവിനു ഒരവസരം മാത്രം
സമീപകാലത്തു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു സാംസണ്‍ ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡില്‍ കൂടുതല്‍ അവസരം കിട്ടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ റിഷഭ് പന്ത് സഞ്ജുവിന്റെ വഴിയടക്കുകയായിരുന്നു.
ടി20, ഏകദിനം എന്നിവയിലായി ഇന്ത്യ അഞ്ചു മല്‍സരങ്ങളില്‍ ഇറങ്ങിയപ്പോള്‍ ഒന്നില്‍ മാത്രമേ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. ആദ്യ ഏകദിനത്തിലായിരുന്നു ഇത്. ഈ മല്‍സരത്തില്‍ 36 റണ്‍സുമായി ടീമിനെ 300 കടത്തുന്നതില്‍ സഞ്ജു നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പക്ഷെ അടുത്ത രണ്ടു കളിയിലും അദ്ദേഹം തഴയപ്പെട്ടു. പകരം ദീപക് ഹൂഡയെയാണ് ഇന്ത്യ ഇറക്കിയത്. ഈ നീക്കം വന്‍ ഫ്‌ളോപ്പുമായി മാറി.
ബംഗ്ലാദേശിനെതിരേയുള്ള ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പാട്ടിധാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, കെഎല്‍ രാഹുല്‍, റഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍.