സിലിക്കൺ വാലി ബാങ്ക് തകർന്നു, സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്ക്

അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിൽ ഒന്നായ സിലിക്കൺ വാലി ബാങ്കിന് അടിപതറുന്നു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിവരുന്നതിൽ പ്രവർത്തിക്കുന്ന ബാങ്ക് കൂടിയാണ് സിലിക്കൺ വാലി ബാങ്ക്.
ബാങ്കിന്റെ ഷെയറുകൾ കുത്തനെ ഇടിഞ്ഞതോടെയാണ് പ്രതിസന്ധികൾക്ക് തുടക്കമായത്. അതേസമയം, സിലിക്കൺ വാലി ബാങ്കിന്റെ പ്രതിസന്ധി സാൻ ഫ്രാൻസിസ്കോയിലെ കമ്പനികളെയും, വിവിധ ടെക് സ്റ്റാർട്ടപ്പുകളെയും ബാധിക്കാൻ സാധ്യതയുണ്ട്.
2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിംഗ് മേഖലയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയ്ക്കാണ് ഇത്തവണ സിലിക്കൺ വാലി ബാങ്ക് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബാങ്കിന്റെ പ്രതിസന്ധിക്ക് പിന്നിൽ യുഎസ് ഫെഡറൽ ബാങ്ക് സ്വീകരിച്ച കർശന പണനയമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതൽ തന്നെ യുഎസ് ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. നിലവിൽ, സിലിക്കൺ വാലി ബാങ്കിന് 2 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.