ബെംഗളുരു : സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തി കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുടർന്ന് ഡികെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാംഘട്ടത്തിൽ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തി മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി എത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
ബെംഗളുരുവിൽ വച്ച് പ്രഖ്യാപിക്കാനുള്ള സാധ്യതകളുമുണ്ട്. നിരവധി ഓഫറുകളാണ് ഡികെയെ അനുനയിപ്പിക്കാനായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് വച്ചത്. ആദ്യ ടേം തനിക്ക് വേണമെന്ന് ഡികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളി, കൂടുതൽ ഓഫറുകൾ മുന്നോട്ട് വെക്കുകയായിരുന്നു.
ഒറ്റ ഉപമുഖ്യമന്ത്രി പദം മാത്രം, കൂടുതൽ വകുപ്പുകൾ, നിർദ്ദേശിക്കുന്ന മൂന്ന് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെയാണ് മുന്നോട്ട് വച്ച ഓഫറുകൾ. രണ്ടാം ഘട്ടത്തിൽ ഡികെ മുഖ്യമന്ത്രിയാകുന്നതോടെ കൂടൂതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നതാണ് തീരുമാനം.
135 സീറ്റുകളിൽ വിജയം നേടിയാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 66 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 19 സീറ്റ് ജെഡിഎസിനും ലഭിച്ചു. കേവലഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ ലഭിച്ചതോടെ ആശങ്കകൾക്ക് വകയില്ലാതെ അധികാരം കോൺഗ്രസിലേക്കെന്ന് തീരുമാനമാകുകയായിരുന്നു.