KeralaNews

ഹോട്ടലുകളില്‍ സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് താമസ, വിശ്രമ സൗകര്യം ഒരുക്കണമെന്ന് ടൂറിസം വകുപ്പ്

തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍  വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചട്ടം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിബന്ധനകള്‍ കാര്യക്ഷമമായി പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ടൂറിസം ഡയറക്ടര്‍ പരിശോധിക്കും.

ടൂറിസം മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴിലാളി പ്രതിനിധികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകളുടേയും യോഗം നേരത്തെ മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ടൂറിസം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് പ്രത്യേക ഉത്തരവിറക്കിയത്. അതിഥികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഐഡി കാര്‍ഡുകള്‍ നല്‍കാനും മേഖല തിരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ടൂറിസം വകുപ്പ് പദ്ധതിയിടുന്നുണ്ട്.

കേരളത്തിലെ ടൂറിസം മേഖലയുടെ അവിഭാജ്യ ഘടകമായ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ദീര്‍ഘകാല ആവശ്യമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികള്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം ഒരുക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് സുപ്രധാന പങ്കുണ്ട്. സഞ്ചാരികളെ കൃത്യമായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിക്കുകയും ഡെസ്റ്റിനേഷനുകളുടെ പ്രാഥമിക വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നത് പലപ്പോഴും ഡ്രൈവര്‍മാരാണ്.

അവരുടെ പ്രശ്നങ്ങളെ സംബന്ധിച്ച് മനസ്സിലാക്കിയിരുന്നു. ഈ ഉത്തരവിലൂടെ  തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയാണ് ടൂറിസം വകുപ്പ് ചെയ്യുന്നത്. സന്തോഷകരമായ ടൂറിസം വളര്‍ത്തുവാന്‍  ഈ തീരുമാനം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker