23.9 C
Kottayam
Tuesday, May 21, 2024

‘മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കണം’; 500 പേജുള്ള റിപ്പോർട്ടുമായി എത്തിക്സ് കമ്മിറ്റി

Must read

ന്യൂഡൽഹി: തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നും പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. ചോദ്യത്തിനു കോഴ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടത്തിയ സമിതിയുടേതാണ് നിര്‍ദേശം. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിക്കുന്നുണ്ട്.

അനധികൃതമായി ഉപയോഗിക്കാൻ പാർലമെന്ററി യൂസര്‍ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർക്ക് സമർപ്പിക്കും. ചർച്ചയ്ക്കു ശേഷമാകും നടപടി സ്വീകരിക്കുക.

കഴിഞ്ഞയാഴ്ച എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരായ മഹുവ മൊയ്ത്ര ക്ഷുഭിതയായി ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങൾ തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായി മഹുവ സ്പീക്കർക്ക് കത്തു നൽകി. തനിക്കുനേരെ വൃത്തികെട്ട രീതിയിലാണ് കമ്മിറ്റി അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചതെന്നും മഹുവ കത്തിൽ പറയുന്നു. എന്നാൽ മഹുവ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പ്രതികരണമാണ് പാനൽ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

മഹുവയുടെ മുൻ പങ്കാളി കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദഹാദ്റായ് ആണ് അവർക്കെതിരെ സിബിഐക്കു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്കും പരാതി നൽകി. ദഹാദ്റായ്, നിഷികാന്ത് ദുബെ എന്നിവർ നേരത്തെ എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരാവുകയും തങ്ങളുടെ വാദം അവതരിപ്പിക്കുകയും ചെയ്തു.

അതേസമയം സിബിഐ കേസുമായി ബന്ധപ്പെട്ട് തന്നെ ബന്ധപ്പെടുന്ന മാധ്യമങ്ങളോടുള്ള മറുപടി മഹുവ എക്സിൽ കുറിച്ചു. അദാനി ഗ്രൂപ്പ് നടത്തിയ 13000 കോടിയുടെ അഴിമതിയിൽ സിബിഐ കേസെടുത്തിട്ടില്ലെന്നും അവർ വാങ്ങുന്ന തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും രാജ്യസുരക്ഷ പ്രശ്നമില്ലെന്നും മഹുവ എക്സിൽ കുറിച്ചു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയശേഷം തന്റെ വിഷയത്തിലേക്കും സിബിഐയെ സ്വാഗതം ചെയ്യുന്നതായി മഹുവ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week