തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സ്ഥലം പരിശോധിച്ചത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നു രാവിലെ സെക്രട്ടറിയേറ്റില്‍ എത്തി.
ഫോറന്‍സിക് സംഘവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചു. ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് ഫലം വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് അന്വേഷണ സംഘം അറിയിച്ചു. അട്ടിമറി സാധ്യതയുള്‍പ്പെടെ വിദഗ്ധ സംഘം പരിശോധിക്കും.
അതേസമയം, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചെന്നാണ് എഫ്ഐആര്‍. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകളാണ് കത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകര്‍പ്പും നശിച്ചതായി എഫ്ഐആറില്‍ പറയുന്നു.
കേരള സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ പ്രധാനപ്പെട്ട ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി ഇന്നലെ പറഞ്ഞിരുന്നു. ‘റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയല്‍ രൂപത്തിലാണ്. കംപ്യൂട്ടര്‍ കത്തിനശിച്ചാല്‍ പോലും അത്തരം ഫയലുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഇതിനു മുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോള്‍ ഇല്ല,’ പി.ഹണി പറഞ്ഞു.