KeralaNews

ഞെട്ടിക്കുന്നു,പുരോഹിതൻമാർ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവതരം- കെ.ടി.ജലീൽ

തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും പുരോഹിതന്‍മാര്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവതരമാണെന്നും കെ.ടി.ജലീല്‍ എംഎല്‍എ. നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത് കേരളത്തില്‍ ആദ്യ സംഭവമാണ്.

ഓരോ മത സമുദായത്തിലെയും പുരോഹിതന്‍മാര്‍ വിവിധ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ആരാധനാലയങ്ങളെ സമര കേന്ദ്രങ്ങളാക്കിയാല്‍ ഇന്ത്യയെപ്പോലെ ഒരു ബഹുമത രാജ്യത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണ്. പുരോഹിതന്‍മാര്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണ്.


പത്ര-ദൃശ്യ മാധ്യമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ലഘൂകരിച്ചാണ് വിഴിഞ്ഞം സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധരോടുള്ള അവരുടെ ‘കരുതല്‍’ അപാരം തന്നെ.

നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത് കേരളത്തില്‍ ആദ്യ സംഭവമാണ്. അവിടുത്തെ സാധന സാമഗ്രികള്‍ നശിപ്പിച്ചത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. പോലീസ് വാഹനങ്ങളുള്‍പ്പടെ പൊതുമുതല്‍ തകര്‍ത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത് ലാഘവത്തോടെ കാണാനാവില്ല. പിണറായി വിരുദ്ധ വിഷം തുപ്പുന്ന ചില പുരോഹിതന്‍മാരുടെ ഉള്ളിലിരിപ്പ് അവരുടെ വാക്കുകളില്‍ വ്യക്തമാണ്.

35 പോലീസുകാരെയാണ് കലാപകാരികള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പോലീസ് സ്റ്റേഷനിലെ വിലപിടിപ്പുള്ള രേഖകളാണ് നശിപ്പിക്കപ്പെട്ടത്. നിയമവാഴ്ച നില നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷന്‍ മണിക്കൂറുകള്‍ നിയന്ത്രണത്തിലാക്കാന്‍ ഒരു സംഘത്തിന് സാധിച്ചത് എന്തിന്റെ ബലത്തിലാണെന്ന് പ്രത്യേകം അന്വേഷിക്കണം.
മതചിഹ്നങ്ങളുടെ പവിത്രത കളഞ്ഞ് കുളിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.

ഒരു മതത്തിന്റെയും പേരില്‍ ആരെയും അഴിഞ്ഞാടാന്‍ വിടരുത്. ഓരോ മത സമുദായത്തിലെയും പുരോഹിതന്‍മാര്‍ വിവിധ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ആരാധനാലയങ്ങളെ സമര കേന്ദ്രങ്ങളാക്കിയാല്‍ ഇന്ത്യയെപ്പോലെ ഒരു ബഹുമത രാജ്യത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് എതിരായി ചില മതസംഘടനകള്‍ രംഗത്തു വന്നത് നാം കണ്ടതാണ്. എതിര്‍പ്പുകള്‍ മറികടന്ന് പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. അത്തരക്കാര്‍ പറഞ്ഞതിലൊന്നും ഒരു കഴമ്പുമില്ലെന്ന് അനുഭവം ജനങ്ങളെ പഠിപ്പിച്ചു. വിഴിഞ്ഞം പദ്ധതി നടപ്പിലായാലും സംഭവിക്കാന്‍ പോകുന്നത് ഗെയ്ല്‍ വിരുദ്ധ സമരത്തിന്റെ ആവര്‍ത്തനമാകും. ഒരപകടവും ആര്‍ക്കും സംഭവിക്കില്ല.


നിരര്‍ത്ഥകമായ ആശങ്കകള്‍ പറഞ്ഞു പരത്തി ആളുകളെ അക്രമത്തിന് പ്രചോദിപ്പിക്കുന്നവരെ സമൂഹം കരുതിയിരിക്കണം. ആള്‍ക്കൂട്ടാവേശത്തില്‍ നടത്തുന്ന തോന്നിവാസങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കാന്‍ അവനവനേ ഉണ്ടാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker