പ്ലാറ്റ്‌ഫോമില്‍ മരിച്ചു കിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്! കരളലിയിക്കുന്ന ചിത്രം
പാറ്റ്‌ന: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം നൊമ്പരമാകുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ തൊഴിലാളി ദുരത്തിന്റെ നേര്‍ക്കാഴ്ചയാകുകയാണ് ഈ ചിത്രം. ബിഹാറിലെ മുസഫര്‍പൂരില്‍നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പ്ലാറ്റ്‌ഫോമില്‍ കിടക്കുന്ന അമ്മയുടെ മൃതദേഹം മൂടിയിരിക്കുന്ന തുണി മാറ്റാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുണി മാറ്റുന്നുണ്ടെങ്കിലും അമ്മയ്ക്കു ചലനമില്ല. കടുത്ത ചൂട്, നിര്‍ജലീകരണം എന്നിവയ്‌ക്കൊപ്പം പട്ടിണി കൂടി താങ്ങാനാവാതെയാണ് സ്ത്രീ മരിച്ചത്.
ഭക്ഷണവും വെള്ളവും കിട്ടാതിരുന്നതിനാല്‍ ട്രെയിനില്‍തന്നെ സ്ത്രീ അവശനിലയിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ പുറപ്പെട്ടത്. തിങ്കളാഴ്ച മുസഫര്‍പൂരില്‍ എത്തുന്നതിനു തൊട്ടുമുമ്പ് സ്ത്രീ കുഴഞ്ഞുവീണു. പ്ലാറ്റ്‌ഫോമില്‍ കിടത്തിയ അമ്മയുടെ മൃതദേഹത്തിനൊപ്പമാണ് ഇളയകുട്ടി കളിക്കാനും വിളിച്ചുണര്‍ത്താനും ശ്രമിക്കുന്നത്.
#India: A kid tries to wake up her dead mother lying abandoned at Muzaffarpur railway station in Bihar. The woman reportedly collapsed and died at the station due to extreme heat and hunger soon after she deboarded a Shramik train which had arrived from Gujarat. pic.twitter.com/4JW1nXz01h
— Joseph (@JoKnight273) May 27, 2020
ഇതേ സ്റ്റേഷനില്‍തന്നെ മറ്റൊരു കുട്ടികൂടി മരിച്ചു. കനത്ത ചൂടിലും പട്ടിണിയിലുമാണ് കുട്ടികള്‍ മരിച്ചതെന്നാണു റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം ഞായറാഴ്ച മറ്റൊരു ട്രെയിനിലാണ് ഡല്‍ഹിയില്‍നിന്നു പുറപ്പെട്ടതെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.