CrimeKeralaNews

‘മനസ്സിലാക്കിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഗൂഢാലോചനയ്ക്കു പിന്നില്‍ വന്‍ തിമിംഗലങ്ങൾ’വെളിപ്പെടുത്തി സരിത നായര്‍

തിരുവനന്തപുരം∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സോളർ കേസ് പ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനീസ മൊഴി രേഖപ്പെടുത്തിയത്. തെളിവുകൾ കോടതിക്കു കൊടുത്തതായി മൊഴി നൽകിയശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്, സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. തന്നെ ഈ കേസിലേക്കു വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പി.സി.ജോർജ് അല്ലെന്നും വലിയ തിമിംഗലങ്ങളാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ഇതിലേക്കു തന്നെ വഴിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്.

തന്നെയും കുടുംബത്തെയും കേസിലേക്കു വലിച്ചിഴച്ചപ്പോഴാണ് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കിയത്. രാഷ്ട്രീയക്കാരല്ല ഇതിനെല്ലാം പിന്നിലുള്ളത്. ഗൂഢാലോചനക്കാർ പറയേണ്ട കാര്യങ്ങൾ തന്നിലൂടെ പറയാനാണ് അവർ ശ്രമിച്ചത്. പി.സി.ജോർജ്, സ്വപ്ന, സരിത്ത്, ക്രൈംനന്ദകുമാർ എന്നിവരാണ് തന്നെ ഇതിലേക്കു വലിച്ചിഴച്ചതെന്നു സരിത ആരോപിച്ചു.

സംരക്ഷണം കൊടുക്കാമെന്നു ചിലർ വാക്കു കൊടുത്തതിനാലാണ് സ്വപ്ന വെളിപ്പെടുത്തലുകൾ നടത്തിയത്. സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ പാർട്ടിക്കാർ ഉണ്ടാകാം. പി.സി.ജോർജിനെ ഈ കേസിൽ ആരെങ്കിലും ഉപയോഗിച്ചോ എന്ന് അറിയില്ല. അതു പൊലീസിനേ പറയാൻ കഴിയൂ. പി.സി.ജോർജ് തന്നെ ട്രാപ്പ് ചെയ്യാൻ ശ്രമിച്ചോ എന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഓരോ ദിവസവും നടന്ന കാര്യങ്ങൾ കോടതിയെ അറിയിച്ചു. സാമ്പത്തിക തിരിമറികളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ. സ്വർണത്തിൽ പണം മുടക്കിയവർ അതു നഷ്ടമായാൽ തിരികെ ചോദിക്കും. രാജ്യാന്തര ശാഖയുള്ള സംഘമാണ് അതിനു പിന്നിലുള്ളത്.

സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമല്ല, അവരുടെ നിലനിൽപ്പിന്റെ കാര്യമാണ്. രണ്ടു മാർഗങ്ങളാണ് അവർക്കു മുന്നിൽ ഉണ്ടായിരുന്നത്. ഒന്ന്, ആരോപണങ്ങൾ ഉന്നയിക്കുക. രണ്ട്, പൈസ തിരികെ കൊടുക്കുക. അതിൽ രണ്ടാമത്തെതാണ് അവർ തിരഞ്ഞെടുത്ത്. സ്വർണം എവിടെനിന്നു വന്നു എന്ന കാര്യമൊന്നും തനിക്കറിയില്ലെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കണമെന്നാണ് പി.സി.ജോർജ് പറഞ്ഞത്. അതിനപ്പുറമുള്ള കാര്യങ്ങൾ അറിയില്ല. ഗൂഢാലോചനയിൽ പങ്കെടുത്തവരോടൊപ്പം ഇരിക്കേണ്ടി വന്നിട്ടില്ല. ക്രൈം നന്ദകുമാറിന്റെ ഓഫിസിൽവച്ചാണ് ചർച്ചയെന്നറിഞ്ഞപ്പോൾ പോയില്ലെന്നും സരിത പറഞ്ഞു.

സ്വപ്നയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സരിത നായരുടെ മൊഴി രേഖപ്പെടുത്തിയത്. സരിത പലതവണ നേരിട്ടു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു അവസരം നൽകിയില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker