32.3 C
Kottayam
Monday, April 29, 2024

ആശ്വാസ തീരത്ത്; മാലിദ്വീപില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള മലയാളികളുമായി കപ്പലുകള്‍ കൊച്ചിയിലെത്തി

Must read

കൊച്ചി: ലോക്ക് ഡൗണില്‍ മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചിയുടെ തീരത്ത്. വെള്ളിയാഴ്ച മാലിദ്വീപില്‍ നിന്നു പുറപ്പെട്ട കപ്പല്‍ ഞായറാഴ്ച രാവിലെ 9.30ന് ആണ് കൊച്ചിയില്‍ എത്തിയത്. കപ്പലില്‍ 698 യാത്രക്കാരാണുള്ളത്. ഇതില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളുമാണ്. 19 പേര്‍ ഗര്‍ഭിണികളാണ്.

തുറമുഖത്തെ സമുദ്രിക ക്രൂയിസ് ടെര്‍മിനലിലാണ് കപ്പല്‍ എത്തുക. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കപ്പലിനുള്ളില്‍തന്നെ നാവികസേനയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ നടത്തി. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആദ്യംതന്നെ കപ്പല്‍ശാലയില്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 ബാച്ചുകളായി ഇറക്കും. ഇവര്‍ക്കു മാനദണ്ഡങ്ങള്‍ പാലിച്ചു വീടുകളിലേക്കു പോകാം.

പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കു പോര്‍ട്ടിന്റെ ആരോഗ്യവിഭാഗം സ്വയംപ്രഖ്യാപന ഫോം നല്‍കും. രോഗവിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫോം ആണിത്. ബിഎസ്എന്‍എല്‍ സിമ്മും നല്‍കും. ടെര്‍മിനലില്‍ ഇറങ്ങുന്ന എല്ലാവരും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു കേന്ദ്ര നിര്‍ദേശമുണ്ട്.

ക്ലിയറന്‍സ് നടപടികള്‍ക്കുശേഷം ഇമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗുകള്‍, ബാഗേജ് സ്‌കാനിംഗ് തുടങ്ങിയവ ഉണ്ടാകും. കപ്പലില്‍നിന്നു യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതും പ്രാഥമിക പരിശോധന നല്‍കുന്നതും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും. പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കിയിട്ടുണ്ട്. 30 പേര്‍ക്കു മാത്രമാണ് ഒരു ബസില്‍ പ്രവേശനം. ഓര്‍ഗനൈസേഷനുകളും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചു സ്വന്തം വാഹനങ്ങളിലും യാത്രക്കാര്‍ക്കു വീടുകളിലേക്കു പോകാം.

അതേസമയം ലക്ഷദ്വീപില്‍ നിന്നുള്ള മലയാളികളുമായി കപ്പല്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ എം.വി അറേബ്യന്‍ സീ എന്ന കപ്പലാണ് മലയാളികളെ നാട്ടിലെത്തിച്ചത്. 121 യാത്രക്കാരാണ് കപ്പലിലുള്ളത്.

ഇവര്‍ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നവരും വിദ്യാര്‍ഥികളുമാണ്. കപ്പലില്‍ എത്തിയവരെ സ്‌ക്രീനിംഗിന് വിധേയമാക്കി വീടുകളിലേക്ക് വിട്ടു. ലക്ഷദ്വീപില്‍ ഇതുവരെ കൊവിഡ് കേസുകളില്ലാത്തതിനാലാണ് ഇവരെ സ്‌ക്രീനിംഗിന് വിധേയമാക്കി വീടുകളിലേക്ക് വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week