KeralaNews

ആര്‍.എസ്.പിയില്‍ ഭിന്നത രൂക്ഷം; ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആര്‍.എസ്.പിയില്‍ ഭിന്നത രൂക്ഷം. രണ്ടാം വട്ടവും ചവറയില്‍ തോല്‍ലി ഏറ്റുവാങ്ങിയ ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിലും ഷിബു ബേബു ജോണ്‍ പങ്കെടുത്തിരുന്നില്ല.

തുടര്‍ച്ചയായി ചവറയിലുണ്ടായ രണ്ട് തോല്‍വികള്‍ ഷിബുവിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിയിലും മുന്നണിയിലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും പരിഭവമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ആയുര്‍വേദ ചികിത്സയ്ക്ക് പോകുകയാണെന്ന് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയെ അറിയിച്ചു.

ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ല എന്നാണ് പഴയ നേതാക്കളുടെ പരാതി. ഇതുതന്നെയാണ് ഷിബു ആര്‍എസ്പി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നതിന് കാരണം. പെട്ടന്നൊരു ഘട്ടത്തില്‍ പാര്‍ട്ടിയോ മുന്നണിയോ വിടുന്ന സാഹചര്യമല്ലെങ്കില്‍പോലും ഭാവിയില്‍ ആര്‍എസ്പി മുന്നണിയില്‍ നിന്ന് മാറിയാലും അതിശയിക്കാനില്ല. ഒരിക്കലും പരാജയപ്പെടാത്ത, പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ചവറയിലാണ് 2016ലും 2021ലും ഷിബു ബേബി ജോണ്‍ തോല്‍ക്കുന്നത്.

നിയമസഭാ തെരഞ്ഞടുപ്പ് പരാജയത്തിന് ശേഷം നടക്കുന്ന യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്തിരുന്നില്ല. കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

എന്നാല്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്ത് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമാണെന്ന നിലപാടാണ് മുല്ലപ്പള്ളി സ്വീകരിച്ചത്. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള നീരസവും കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിലുള്ള അതൃപ്തിയുമാണ് യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

യുഡിഎഫ് ഏകോപന സമിതി യോഗം നടക്കാനിരിക്കെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെ സുധാകരനെ അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കൂവെന്നും സുധാകരനെ വിളിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നുമാണ് ബാനറില്‍ എഴുതിയിരുന്നത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബാനറുമായി ഇന്ദിരാ ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker