ആദ്യമായി മെഗാസ്റ്റാര്‍ എന്ന് വിളിച്ചത് അവരാണ്, വെളിപ്പെടുത്തലുമായി മമ്മൂക്ക
ദുബായ്:73ാം വയസ്സിലും പ്രേക്ഷകരെ ഞെട്ടിച്ച് അഭിനയ ജീവിതത്തില്‍ വിജയക്കുതിപ്പ് നടത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. 400ല്‍ അധികം സിനിമകളില്‍ അഭിനയിക്കുകയും ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹം ഇന്നും ആരാധകരുടെ ആവേശമാണ്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ മലയാളികള്‍ തങ്ങളുടെ മമ്മൂക്കയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണമാണ് മെഗാസ്റ്റാര്‍ എന്നത്
1987 ല്‍ ആണ് തനിക്ക് ഇത്തരമൊരു വിശേഷണം ലഭിച്ചതെന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നോ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നോ അല്ല തനിക്ക് ഈ മെഗാസ്റ്റാര്‍ വിശേഷണം കിട്ടിയതെന്നും മമ്മൂട്ടി വെളിപ്പെടുത്തുന്നുണ്ട്. ടര്‍ബോ എന്ന സിനിമയുടെ പ്രമൊഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമേരിയുമായി നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്.
1987 ല്‍ ദുബായിലെ ഒരു പരിപാടിക്കെത്തിയപ്പോള്‍ അവിടുത്തെ ഒരു മാദ്ധ്യമമാണ് തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചത്. ഇക്കാര്യം അമേരിയോട് മമ്മൂക്ക പറയുന്നുണ്ട്. ദുബായ് നഗരം തനിക്ക് രണ്ടാമത്തെ വീടാണെന്നാണ് മമ്മൂട്ടി പറയുന്നത്. അന്ന് ഇവിടെ എത്തിയപ്പോള്‍ ഒരു മാദ്ധ്യമമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായ് മണ്ണിലേക്ക് വരുന്നുവെന്ന വിശേഷണം ആദ്യമായി നല്‍കിയത്. അതിന് ശേഷമാണ് എല്ലാവരും തന്നെ അങ്ങനെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. മമ്മൂട്ടി പറയുന്നു.
അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന വിശേഷണം തനിക്ക് താത്പര്യമില്ലാത്ത ഒന്നാണെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും വളരെ സ്‌നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടവും സന്തോഷവുമെന്നും അദ്ദേഹം പറയുന്നു.