അവള്‍ എന്നെ വഞ്ചിച്ചു, എനിക്കവളെ കാണണ്ട! ദീപികയുടെ സൗഹൃദത്തിനായി മത്സരിച്ച മോഹന്‍ലാലും മുകേഷും
കൊച്ചി:തന്റെ ചാനലിലൂടെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട് മുകേഷ്. ഇപ്പോഴിതാ പുതിയൊരു അനുഭവ കഥയുമായി എത്തിയിരിക്കുകയാണ് മുകേഷ്. ഇത്തവണ മോഹന്‍ലാലുമുണ്ട് കഥയില്‍. തങ്ങള്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഉത്തരേന്ത്യയിലെത്തിയതും അവിടെ വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടതും തുടര്‍ന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ് മുകേഷ് പങ്കുവെക്കുന്നത്. ആ കഥ വായിക്കാം തുടര്‍ന്ന്.
കഥ നടക്കുന്നത് ഒരു ഉത്തരേന്ത്യന്‍ പട്ടണത്തിലാണ്. പ്രിയദര്‍ശന്റെ സിനിമയാണ്. അവിടുത്തെ ഒരു ഹോട്ടലിലാണ് താമസം. മോഹന്‍ലാല്‍ മൂന്ന് ദിവസം കഴിഞ്ഞേ വരികയുള്ളൂവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നുവെന്നും മുകേഷ് പറയുന്നു. രണ്ടാമത്തെ ദിവസം ഷൂട്ടിന് പോകാന്‍ നേരം താക്കോല്‍ കൊടുക്കാനായി റിസപ്ഷനില്‍ ചെന്നു. പിന്നില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ ശബ്ദം, മുകേഷേട്ടാ! തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സുന്ദരി. മോഡലിനെ പോലെ തോന്നിപ്പിച്ചുവെന്നാണ് മുകേഷ് പറയുന്നത്.
ഹോട്ടലിലെ സ്റ്റാഫായിരുന്നു. ദീപിക എന്നാണ് പേര്. മുകേഷേട്ടാ എന്ന വിളിയില്‍ മലയാളിയാണെന്ന് മനസിലായി. വരുമെന്ന് കേട്ടിരുന്നുവെന്നും എന്നാല്‍ നേരത്തെ പോയതിനാല്‍ ഇന്നലെ തന്നെ കാണാന്‍ സാധിച്ചില്ലെന്നും ആ പെണ്‍കുട്ടി പറഞ്ഞതായി മുകേഷ് പറയുന്നു. കൊല്ലത്തുള്ളതായിരുന്നു ആ പെണ്‍കുട്ടി. ചെറിയ പ്രായത്തില്‍ തന്നെ വീട്ടുകാര്‍ അവിടെ നിന്നും പോന്നതാണ്. ഷൂട്ട് കഴിഞ്ഞ വന്നതും മുറിയിലേക്ക് ആ പെണ്‍കുട്ടിയുടെ വിളി വന്നു. ഷൂട്ടിനെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ചോദിച്ചുവെന്നും മുകേഷ് പറഞ്ഞു.
പിന്നാലെ പെണ്‍കുട്ടി അവളെക്കുറിച്ചും സംസാരിച്ചു. തന്റെ കൂടെ താമസിക്കുന്ന പെണ്‍കുട്ടിയും കൊല്ലം കാരിയാണ്. നന്നായി ഭക്ഷണമുണ്ടാക്കും. മുകേഷേട്ടന്റെ വീടിനടുത്താണ്. പണ്ട് മുകേഷേട്ടന്റെ മുറ്റത്തെ മാവിന് കല്ലെറിഞ്ഞതിന് അവളെ മുകേഷേട്ടന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ദീപിക പറഞ്ഞു. പറ്റുമെങ്കില്‍ ഒരു ദിവസം കാണാന്‍ വരണമെന്നും ദീപിക അറിയിച്ചു. പിറ്റേദിവസം തനിക്ക് ഷൂട്ടില്ലായിരുന്നു. അതിനാല്‍ ദീപികയേയും കൂട്ടുകാരിയേയും കാണാന്‍ മുകേഷ് തീരുമാനിച്ചു. ദീപിക സ്‌കൂട്ടറില്‍ മുന്നിലും മുകേഷ് ടാക്‌സി കാറില്‍ പിന്നാലേയും പോകാന്‍ തീരുമാനിച്ചു.
ദീപികയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയെ കണ്ടതും മുകേഷിന് ആളെ മനസിലായി. അവളുടെ അച്ഛന്‍ നേപ്പാളിയും അമ്മ മലയാളിയുമായിരുന്നു. അതുകൊണ്ട് അവള്‍ക്കൊരു നേപ്പാളി ലുക്കുണ്ടായിരുന്നു. കണ്ടതും താന്‍ അവളോട് ഇപ്പോള്‍ മാവേല്‍ കല്ലെറിയലുണ്ടോ എന്ന് ചോദിച്ചു. അവള്‍ അമ്പരന്നു പോയി. ഒരുമിച്ചിരുന്ന് അവര്‍ ഭക്ഷണം കഴിക്കുകയും വൈകിട്ട് ടാക്‌സി കിട്ടാതെ വന്നപ്പോള്‍ മുകേഷിനെ ദീപിക തന്നെ തന്റെ സ്‌കൂട്ടറില്‍ മുകേഷിനെ ഹോട്ടലില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്തു.
പിറ്റേദിവസം മോഹന്‍ലാല്‍ എത്തി. എന്നാല്‍ മുകേഷിന് കോടീശ്വരന്‍ പരിപാടിയുടെ പ്രൊമോ ഷൂട്ടിനും മറ്റുമായി നാട്ടിലേക്ക് രണ്ട് ദിവസത്തേക്ക് തിരിച്ച് വരേണ്ടി. ഈ രണ്ട് ദിവസത്തിനുള്ളില്‍ ദീപിക മോഹന്‍ലാലിനെ പരിചയപ്പെടുകയും തന്റെ ഫ്‌ളാറ്റില്‍ കൊണ്ടു പോയി ഭക്ഷണം കൊടുക്കുകയും ചെയ്തു. തിരികെ സ്‌കൂട്ടറില്‍ ഹോട്ടലില്‍ കൊണ്ടാക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും മുകേഷ് തിരികെ എത്തി. തിരിച്ച വന്ന മുകേഷിന് മോഹന്‍ലാല്‍ ദീപികയെ പരിചയപ്പെടുത്തിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞായിരുന്നു. ഹെല്‍മറ്റ് തലയില്‍ വച്ച് മോഹന്‍ലാലിന്റെ നെറ്റിയില്‍ മുറിവുണ്ടാവുകയും ചെയ്തിരുന്നു.
ഇതോടെ മുകേഷ് ദീപികയുമായി പിണങ്ങി മിണ്ടാതായി. ഇതേക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ എനിക്കവളെ കാണണ്ട, അവള്‍ എന്ന വഞ്ചിച്ചുവെന്നായിരുന്നു മുകേഷിന്റെ മറുപടി. വഞ്ചിക്കാനിത് പ്രണയമല്ലല്ലോ സൗഹൃദമല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചുവെങ്കിലും മുകേഷിന്റെ ദേഷ്യം മാറിയില്ല. ഒടുവില്‍ മുകേഷിനെക്കൊണ്ട് മിണ്ടിപ്പിക്കാമെന്ന് മോഹന്‍ലാല്‍ ദീപികയ്ക്ക് വാക്കു കൊടുത്തു. പക്ഷെ മുകേഷ് വാശി വെടിഞ്ഞില്ല. അങ്ങനെ അതൊരു ത്രികോണ സൗഹൃദമായി മാറിയെന്നാണ് മുകേഷ് പറയുന്നത്.
അതേസമയം തനിക്ക് ഇതെല്ലാം തമാശയായിരുന്നുവെന്നും എവിടെ വരെ പോകുമെന്ന് നോക്കുകയായിരുന്നുവെന്നുമാണ് മുകേഷ് പറയുന്നത്. എന്തായാലും ഷൂട്ട് കഴിഞ്ഞ് പോകും മുമ്പ് മുകേഷും ദീപികയും സംസാരിച്ച് പിണക്കം അവസാനിപ്പിച്ചു. പോകാന്‍ നേരം ദീപിക മുകേഷിന് ഒരു കാര്‍ഡ് കൈമാറി. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ വച്ച് മുകേഷ് ആ കാര്‍ഡ് എടുത്തു വായിച്ചു.
‘നമ്മള്‍ കണ്ടു. സുഹൃത്തുക്കളായി. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വന്നു. നല്ല ഭക്ഷണമാണെന്ന് പറഞ്ഞു. പിന്നീട് എവിടെയോ ഒരു തെറ്റിദ്ധാരണ. പക്ഷെ അവസാനം ഒന്നായി. നമ്മളുടെ സൗഹൃദം വളര്‍ന്ന് വലുതാകണം. നന്ദി” എന്നായിരുന്നു കത്തിലെ വാക്കുകള്‍. അതേസമയം തന്നെ മോഹന്‍ലാലും മുകേഷിനൊരു കത്ത് നല്‍കിയിരുന്നു.
”ആദ്യം എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വേറൊരു സുഹൃത്ത് വന്നു. അത് പഴയ സുഹൃത്തിന് പ്രയാസമായി. രണ്ട് പേര്‍ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ രണ്ടു പേരും ഒരു കുടക്കീഴില്‍ ആയി” എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ഈ കഥ തനിക്ക് വേറെ എവിടേയും പറയാന്‍ സാധിക്കില്ലെന്നും അതിനാലാണ് ഇവിടെ പറയുന്നതെന്നുമാണ് മുകേഷ് പറയുന്നത്.