ഷാർജ:പുതുവത്സരരാവില്‍ നഗരത്തിലെ എല്ലാ ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച് ഷാര്‍ജ ഭരണകൂടം. പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. വിലക്ക് ലംഘിച്ചാല്‍ നിയമനടപടി എടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പുതുവര്‍ഷരാവില്‍ വലിയ രീതിയിലുള്ള ആഘോഷ പരിപാടികളാണ് ഷാര്‍ജയിലും ദുബായിലും നടക്കാറുള്ളത്. മണിക്കൂറുകളോളമുള്ള വെടിക്കെട്ടുകളാണ് ഈ പരിപാടികളുടെ മുഖ്യ ആകര്‍ഷണം. ഇത്തവണയും നിരവധി ആഘോഷ പരിപാടികളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ നടന്നുവരികെയാണ് ഷാര്‍ജ ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നടപടി. നിരവധി വിദേശസഞ്ചാരികളും പുതുവത്സരം ആഘോഷിക്കാനായി ഷാര്‍ജയില്‍ എത്താറുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഭരണകൂടം ജനുവരി ഒന്നിന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. അതേസമയം, മറ്റ് എമിറേറ്റുകളില്‍ ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ദുബായില്‍ ഉള്‍പ്പടെ വിപുലമായ പുതുവത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
ഇസ്രയേല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ 20,000ലേറെ പേര്‍ ഇതിനോടകം ഗാസ മുനമ്പില്‍ മരണപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രേയല്‍ നിലപാട്. അതിനാല്‍ തന്നെ യുദ്ധം ഏറെ നാള്‍ നീളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.