KeralaNewsNewsPolitics

വയനാട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് ശശി തരൂർ; അടിക്കുറിപ്പിന്‍റെ പേരിൽ വ്യാപക വിമർശനം

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നതിന്‍റെ വീഡിയോ പങ്കുവെച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ വിമര്‍ശനം ഉയരുന്നു. വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായിട്ടുള്ളത്. വയനാട്ടിലെ മറക്കാനാവാത്ത ചില ഓര്‍മ്മകളുടെ ദിനം എന്ന് കുറിച്ച് കൊണ്ടാണ് ശശി തരൂര്‍ വീഡിയോ പങ്കുവെച്ചത്. 

ശശി തരൂർ ഒരു ട്രക്കിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുന്നതിന്‍റെയും ദുരിതാശ്വാസ ക്യാമ്പുകളും മണ്ണിടിച്ചിൽ ബാധിത പ്രദേശങ്ങളും സന്ദർശിച്ചതുമാണ് വീഡിയോയിലുള്ളത്. ബിജെപി നേതാവ് അമിത് മാളവ്യ ശശി തരൂരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത് ‘ശശി തരൂരിന് മരണങ്ങളും ദുരന്തങ്ങളും മറക്കാനാവാത്ത ഓര്‍മ്മകളാണ്’ എന്നാണ് അമിത് മാളവ്യ പ്രതികരിച്ചത്. 

അതേസമയം, വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകിയിരുന്നു. എംപി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ  എംപി മാർക്കും അവരുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികൾ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിനായി ശുപാർശ ചെയ്യുവാൻ കഴിയും.

അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ പറഞ്ഞറിയിക്കാനാകാത്ത വിധം ദുരിതത്തിൽ കഴിയുന്ന ദുരന്തബാധിത പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയായിരിക്കും അതെന്ന് ശശി തരൂർ എം.പി പറ‌ഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീവ്രത വിവരണാതീതമാണ്. ആ പ്രദേശത്തെ ജനങ്ങൾക്ക് നഷ്ടമായതിനൊക്കെ പകരമാകില്ലെങ്കിലും അവർക്കായി  പരമാവധി സഹായം നമ്മൾ ചെയ്യണം. ആകെ തകർത്തെറിയപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിച്ച് അതിജീവിതർക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ശശി തരൂർ കത്തിൽ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker