KeralaNews

ശാരദ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി; ഭര്‍ത്താവ് വി.വേണുവിന്റെ പിൻഗാമി

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.വേണു ഓഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാവും നിയമനം. ഡോ. വി.വേണുവിന്റെ ഭാര്യയാണു ശാരദ മുരളീധരന്‍. ഭര്‍ത്താവില്‍നിന്ന് ഭാര്യ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നുവെന്ന അപൂര്‍വതയാണു കേരളത്തിലെ സിവില്‍ സര്‍വീസ് ചരിത്രത്തിലുണ്ടാവുക.

ഡോ. വി.വേണുവും ശാരദ മുരളീധരനും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇവരെക്കാള്‍ സീനിയോറിറ്റിയുള്ളതു മനോജ് ജോഷിക്കു മാത്രമാണ്. 2027 ജനുവരി വരെ കാലാവധിയുള്ള മനോജ് ജോഷി കേന്ദ്ര ഡപ്യൂട്ടേഷനില്‍നിന്നു മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണു വിവരം. ശാരദയ്ക്കു 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. മുന്‍പു വി.രാമചന്ദ്രന്‍– പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ് – ലിസി ജേക്കബ് ദമ്പതികള്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ക്കു തൊട്ടുപിന്നാലെയല്ല മറ്റെയാള്‍ പദവിയിലെത്തിയത്.

തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദ മുരളീധരന്റെ സ്വദേശം. അച്ഛന്‍ ഡോ. കെ.എ. മുരളീധരന്‍. അമ്മ കെ.എ.ഗോമതി. ഇരുവരും എന്‍ജിനീയറിങ് കോളജില്‍ അധ്യപകരായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് തിളക്കത്തോടെയാണ് ശാരദയുടെ വിജയം. പിന്നീട് തിരുവനന്തപുരം വിമന്‍സ് കോളജില്‍ തുടര്‍പഠനം. എംഎയ്ക്ക് 1988ല്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പരീക്ഷയും അഭിമുഖവും. ഐഎഎസ് ട്രെയിനിങ് സമയത്താണ് ജീവിത പങ്കാളിയായി ഡോ.വി. വേണുവിനെ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker