ദിവസങ്ങളായി ഫേസ്ബുക്ക് തുറന്നാല്‍ കാണാന്‍ സാധിക്കുന്നത് ‘ഓരോ ചലഞ്ചുകളാണ്’. കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്,ഫാമിലി ചലഞ്ച്, മദര്‍ ചലഞ്ച് എന്നിങ്ങനെ നീളുന്നു ചലഞ്ചുകളുടെ പേര്. ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചലഞ്ച് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ചലഞ്ചുകള്‍ക്ക് എന്തെങ്കിലും ദോഷങ്ങളുണ്ടോ? ഇപ്പോഴിതാ ഇത്തരം ചലഞ്ചുകളോട് വിയോജിപ്പു രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. സനൂപ് എം.എസ് എന്നയാള്‍ എഴുതിയ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ചില സമയങ്ങളില്‍ നമ്മുടെ സംഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് പലരും പരാതികള്‍ പറയാറുണ്ട്. എന്നാല്‍ ഈ പറയുന്നവര്‍ കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച് തുടങ്ങിയ ട്രെന്‍ഡുകള്‍ ഉണ്ടാകുമ്‌ബോള്‍ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ആ ചിത്രങ്ങള്‍ എല്ലാവരും കാണുന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ല. (എനിക്കറിയില്ല ആരാണ് ഇത്തരം ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നതെന്ന്). അപകടകരമായ ഒരു കാര്യമാണ് ചിത്രം പങ്കുവയ്ക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്.
നിങ്ങള്‍ക്കറിയാമോ?എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന രീതിയില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് ലോകത്ത് എവിടെയുള്ള ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. അതിന് കമ്ബൂട്ടര്‍ ഹാക്ക് ചെയ്യാനുള്ള കഴിവിന്റെ ആവശ്യമൊന്നുമില്ല,പകരം കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.
നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാള്‍ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്സൈറ്റില്‍ പ്രൊഫൈല്‍ നിര്‍മിച്ച് അതില്‍ അപ്ലോഡ് ചെയ്താലോ? ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അതെ, തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്സൈറ്റില്‍ ട്രെന്‍ഡിങ്ങില്‍ എത്തും. ഇത്തരം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് അറിവില്ലെങ്കില്‍ ദയവു ചെയ്ത് മനസിലാക്കാന്‍ ശ്രമിക്കൂ.
നമ്മുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കാം?
നിങ്ങളുടെ സ്വകാര്യമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്‌സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സംരംക്ഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ്. സുഹൃത്തുക്കളുടെ പട്ടിക പരിശോധിച്ച് പരിചയമില്ലാത്ത ആളുകളെ അതില്‍ നിന്നും ഒഴിവാക്കുക.
പോസ്റ്റുകള്‍ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക. സമൂഹമാധ്യമങ്ങളില്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുന്‍പ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം, ഇന്റര്‍നെറ്റില്‍ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം’.