CrimeKeralaNews

ചാരിറ്റിയുടെ മറവില്‍ കൂട്ടബലാത്സംഗം, ‘നന്മമരം’ ഷംസാദ് വയനാടും കൂട്ടാളികളും അറസ്റ്റിൽ

വയനാട്:മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വയനാട്ടിൽ അറസ്റ്റിലായവരിൽ ‘നന്മമരം’ ഷംസാദും . സാമൂഹികമാധ്യമങ്ങളിൽ ഷംസാദ് വയനാട് എന്ന പേരിൽ അറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത് പറമ്പിൽ ഷംസാദി(24)നെയാണ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ബത്തേരി റഹ്മത്ത് നഗർ മേനകത്ത് ഫസൽ മെഹമൂദ്(23) അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്മാൻ(26) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും നിലവിൽ റിമാൻഡിലാണ്.

ചാരിറ്റി പ്രവർത്തകനെന്ന പേരിലാണ് ഷംസാദ് ഫെയ്സ്ബുക്കിലും യൂട്യൂബിലും അറിയപ്പെട്ടിരുന്നത്. ഷംസാദ് വയനാട് എന്ന പ്രൊഫൈലിലായിരുന്നു ഇയാൾ ചാരിറ്റി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. സ്നേഹദാനം ചാരിറ്റിബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ ഭാരവാഹിയുമായിരുന്നു. ഈ ട്രസ്റ്റിനെ മുൻനിർത്തിയായിരുന്നു ചാരിറ്റി പ്രവർത്തനം. ഫെയ്സ്ബുക്കിൽ നിരവധി പേർക്ക് സഹായം അഭ്യർഥിച്ചുള്ള വീഡിയോകളും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 26-നാണ് ഷംസാദും മറ്റുപ്രതികളും ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരരോഗം ബാധിച്ച മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്താണ് ഷംസാദ് യുവതിയെ ആദ്യം സമീപിക്കുന്നത്. തുടർന്ന് യുവതിക്കും മകനും ഒപ്പം വീഡിയോയും തയ്യാറാക്കി. ഫെയ്സ്ബുക്കിലും യൂട്യൂബിലും അപ് ലോഡ് ചെയ്ത ഈ വീഡിയോയിൽ കുട്ടിയുടെ ചികിത്സയ്ക്ക് പണം നൽകി സഹായിക്കണമെന്നായിരുന്നു അഭ്യർഥന. വീഡിയോ പരമാവധി ഷെയർ ചെയ്യണമെന്നും അഭ്യർഥിച്ചിരുന്നു.

യുവതിക്ക് ഹൃദ്രോഗമുണ്ടെന്നും മകന് ഗുരുതരമായ രക്താർബുദമാണെന്നുമാണ് ഷംസാദ് വീഡിയോയിൽ പറഞ്ഞിരുന്നത്. കഴിയുന്ന സഹായം ചെയ്തുകൊടുക്കണമെന്നും മരിച്ചു പോകുമ്പോൾ ആരും ഒന്നും കൊണ്ടുപോവില്ലെന്നും ജീവിക്കുന്ന സമയം കൂടെപ്പിറപ്പുകൾക്ക് വേണ്ടി കള്ളമില്ലാത്ത മനസോടെ സഹായിക്കാമെന്നും ഷംസാദ് വീഡിയോക്കൊപ്പം എഴുതിയിരുന്നു. എന്നാൽ ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ ഷംസാദും കൂട്ടാളികളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി.

ചികിത്സാസഹായം നൽകാമെന്ന് പറഞ്ഞ് സെപ്റ്റംബർ 26-നാണ് യുവതിയെ പ്രതികൾ എറണാകുളത്തേക്ക് കൊണ്ടുപോയത്. ഇവിടെ ഹോട്ടൽമുറിയിൽ പാർപ്പിച്ചു. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തിനൽകി മൂവരും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം അവശനിലയിലായ യുവതി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് പുല്പള്ളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ബത്തേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസിൽ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ചാരിറ്റിയുടെ മറവിൽ പ്രതികൾ ഇത്തരത്തിൽ കൂടുതൽപേരെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker