കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷമ പറഞ്ഞു. പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണ്. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പുമുണ്ട്.
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ ആര്‍ക്കെതിരെയും മത്സരിക്കും. പിണറായി വിജയനെതിരെ മത്സരിക്കാനും തയാറാണ്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും ഷമ പറഞ്ഞു. വാര്‍ത്താചാനലായ ട്വന്റിഫോറിനാേടാണ് ഷമയുടെ പ്രതികരണം.
ധര്‍മടത്ത് പിണറായി വിജയനെതിരെ ഷമ മുഹമ്മദിനെ കളത്തിലിറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരസാന്നിധ്യമാണ് ഷമ മുഹമ്മദ്. അതേസമയം, പിണറായി വിജയന്‍ ഇത്തവണയും ധര്‍മടത്ത് തന്നെയാണ് മത്സരിക്കുക. ധര്‍മടത്ത് 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ല്‍ പിണറായി വിജയന്‍ ജയിച്ചത്. കോണ്‍ഗ്രസിന്റെ മമ്പറം ദിവാകരനെയാണ് പിണറായി തോല്‍പ്പിച്ചത്. ഇടതിന്റെ ഉറച്ചകോട്ടയില്‍ ഇത്തവണയും വിജയക്കൊടി പാറിക്കാമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.