CrimeNationalNews

ശക്തി മില്‍സ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയിലെ ശക്തിമിൽസ് കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹൻ ജാദവ്, മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി, മുഹമ്മദ് സലീം അൻസാരി എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സാധ്ന എസ് ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ. ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വധശിക്ഷ റദ്ദാക്കിയത്.

വധശിക്ഷ റദ്ദാക്കിയതോടെ ഇനിയുള്ള കാലം പ്രതികൾ ജയിലിൽ കഴിയേണ്ടിവരും. ഇവർക്ക് പരോളോ താത്കാലിക വിടുതലോ ലഭിക്കില്ല. പ്രതികൾക്ക് ഇനി സമൂഹവുമായി ഇടപഴകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ശക്തിമിൽസ് കൂട്ടബലാത്സംഗക്കേസ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ്. ബലാത്സംഗത്തിന് ഇരയായ വ്യക്തി ശാരീരികമായി മാത്രമല്ല, മാനസികമായും ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്. പക്ഷേ, പൊതുജനാഭിപ്രായവും പ്രതിഷേധവും കണക്കിലെടുത്താകരുത് കോടതി വിധി. വധശിക്ഷയെന്നാൽ അപൂർവമായ ഒന്നാണെന്നും കോടതി പറഞ്ഞു.

2013 ഓഗസ്റ്റിലാണ് മുംബൈയില ശക്തിമിൽസ് പരിസരത്തുവെച്ച് ഫോട്ടോ ജേണലിസ്റ്റായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികൾ.

ഇതിനുപിന്നാലെ 19-കാരിയായ ഒരു ടെലഫോൺ ഓപ്പറേറ്ററും ബലാത്സംഗ പരാതിയുമായി രംഗത്തെത്തി. ശക്തിമിൽസ് പരിസരത്തുവെച്ച് തന്നെയും ബലാത്സംഗം ചെയ്തെന്നായിരുന്നു 19-കാരിയുടെ പരാതി. നേരത്തെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നുപ്രതികൾ ഈ കേസിലും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. തുടർന്ന് 2014 മാർച്ചിലാണ് രണ്ട് കേസുകളിലും കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ടെലഫോൺ ഓപ്പറേറ്ററെ ബലാത്സംഗം ചെയ്ത കേസിലാണ് ആദ്യം വിധി പ്രസ്താവിച്ചത്. മിനിറ്റുകൾക്കകം ഫോട്ടോ ജേണലിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലും വിധി പറഞ്ഞു. രണ്ട് കേസുകളിലും ഉൾപ്പെട്ട മൂന്ന് പ്രതികൾക്കും വധശിക്ഷയായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്.

ആവർത്തിച്ച് പീഡന കേസുകളിൽ പ്രതികളാകുന്നവരെ ജീവിതകാലം മുഴുവൻ കഠിനതടവിനോ തൂക്കിക്കൊല്ലാനോ വിധിക്കാമെന്ന നിയമഭേദഗതി അനുസരിച്ചായിരുന്നു ഈ വിധി. ഡൽഹി നിർഭയ കേസിന് പിന്നാലെയാണ് ഈ നിയമഭേദഗതി നടപ്പിലാക്കിയത്. എന്നാൽ പ്രതികൾ ഉൾപ്പെട്ട രണ്ടുകേസുകളിലും വിധി പ്രസ്താവിച്ചത് ഒരുമിച്ചാണെന്നും അതിനാൽ ഈ നിയമഭേദഗതിയനുസരിച്ച് ശിക്ഷിക്കാനാകില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രണ്ട് കേസുകളിലും വിചാരണ നടന്നത് ഒരേകാലയളവിലാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker