ഷോൺ കറൻ യുഎസ് സീക്രട്ട് സർവീസ് ഡയറക്ടർ,സ്വന്തം ജീവൻ കൊടുത്ത് എന്നെ രക്ഷിക്കാൻ ശ്രമിച്ചയാളെന്ന് ട്രംപ്
വാഷിംഗ്ടൺ : ‘പെൻസിൽവാനിയ ഹീറോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷോൺ കറൻ ഇനി അമേരിക്കയുടെ സീക്രട്ട് സർവീസ് ഡയറക്ടർ. യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ഷോൺ കറനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക് നിയമനം നടത്തിയിരിക്കുന്നത്. നിലവിൽ
ട്രംപിൻ്റെ സുരക്ഷാ വിഭാഗത്തിൻ്റെ തലവനാണ് ഷോൺ കറൻ.പെൻസിൽവാനിയയിൽ നടന്ന ഒരു കൊലപാതക ശ്രമത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ രക്ഷിച്ചതോടെയാണ് ഷോൺ ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുന്നത്. സ്വന്തം ജീവൻ കൊടുത്ത് തന്നെ രക്ഷിക്കാൻ ശ്രമിച്ചയാളാണ് അദ്ദേഹമെന്ന് ട്രംപ് വ്യക്തമാക്കി.
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ അടുത്ത ഡയറക്ടറായി ഷോൺ കറനെ നിയമിക്കുന്നതായി വ്യക്തമാക്കുന്ന പോസ്റ്റിൽ മഹാനായ രാജ്യസ്നേഹി എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഡയറക്ടർ ആകുന്ന ആൾ രഹസ്യ സേവനം എന്നതിലുപരി കാര്യമായ അനുഭവങ്ങൾ ഉള്ള ആൾ ആയിരിക്കണം എന്ന് ഉഭയകക്ഷി പാനൽ ശുപാർശയിൽ സൂചിപ്പിച്ചിരുന്നു. പെൻസിൽവാനിയയിലെ ബട്ട്ലറിൽ വെച്ച് ട്രംപിന് നേരെ ഉണ്ടായ വധശ്രമത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഷോൺ.
അദ്ദേഹത്തിന്റെ ശരിയായ ഇടപെടൽ കൊണ്ട് അന്ന് ട്രംപിന് ചെവിയിൽ മാത്രമായിരുന്നു വെടിയേറ്റത്. നെവാർക്ക് ഫീൽഡ് ഓഫീസിൽ സ്പെഷ്യൽ ഏജന്റ് ആയി കരിയർ ആരംഭിച്ച ഷോൺ കറന് സീക്രട്ട് സർവീസിൽ 23 വർഷത്തെ മികച്ച പ്രവൃത്തിപരിചയമാണ് ഉള്ളത്.