ന്യൂഡല്‍ഹി: ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന തനിക്ക് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഒറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ പ്രവര്‍ത്തനമായിരുന്നുവെന്നും യഥാര്‍ഥ ഹീറോകള്‍ തിരശീലയ്ക്ക് പിന്നിലുള്ളവരാണെന്നും ശൈലജ പറഞ്ഞു. തന്റെ ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്ന നിലയില്‍ എന്റെ ജീവിതം) പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് ശൈലജയുടെ പ്രതികരണം.
ഡല്‍ഹി കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനും സിപിഎം നേതാവ് ബൃന്ദാ കാരാട്ടിനും പുസ്തകത്തിന്റെ കോപ്പികള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജനപ്രതിനിധി എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ശൈലജയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചാണ് ആരോഗ്യവകുപ്പിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും ചുമതല നല്‍കിയതെന്നും ആ വിശ്വാസം പൂര്‍ണമായും കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നും പുസ്തകം പ്രകാശനംചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കോവിഡ് മഹാമാരിയെ ഉള്‍പ്പെടെ അന്ന് ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പിന് സാധിച്ചുവെന്നും സംഘടനാ രംഗത്ത് പാര്‍ട്ടി പകര്‍ന്നുനല്‍കിയ നേതൃപാടവമാണ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ ശൈലജയ്ക്ക് തുണയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.