KeralaNews

ലഹരി ഉപയോഗം തടയാൻ നടപടി,സിനിമാ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പോലീസ്

കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ. സിനിമാ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തും. പക്ഷെ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

മലയാള സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച്‌ പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം രംഗത്തെത്തിയിരുന്നു.. മകന്‌ സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. ‘‘സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു.

ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16–18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു’’ – ടിനി ടോം പറഞ്ഞു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു.

അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി– ടിനി ടോം പറഞ്ഞു.

മയക്കുമരുന്നുമായി പിടിക്കപ്പെട്ട ഒരാൾ നൽകിയ വിവരപ്രകാരം എക്‌സൈസുകാർ പിന്തുടർന്നെത്തിയത് ഒരു വലിയനടന്റെ വാഹനത്തിനു പിറകേയായിരുന്നെന്നായിരുന്നു ബാബുരാജിന്റെ വെളിപ്പെടുത്തൽ. ‘‘ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി അന്ന് അവസാനിക്കുമായിരുന്നു.’’ -ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞു.

‘‘പിടിക്കപ്പെടുന്ന ലഹരിക്കച്ചവടക്കാരിൽനിന്ന് കിട്ടുന്ന പേരുകൾ എക്‌സൈസ് ‘അമ്മ’ സംഘടനയ്ക്ക് നൽകും. മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെയെല്ലാം പൂർണപട്ടിക ‘അമ്മ’യുടെ ഓഫീസിലുണ്ട്’’ -ബാബുരാജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button