കൊച്ചി: കേസ് ഒതുക്കിത്തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇടപെട്ടെന്ന ആരോപണമുയര്‍ന്ന മൂവാറ്റുപുഴ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. തന്നെ പ്രതി പീഡിപ്പിച്ച വിവരം ബന്ധുവിന് നേരത്തെ അറിയാമായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പീഡന വിവരം അമ്മയെ അറിയിക്കാതെ ബന്ധു ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും കാക്കനാട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന പെണ്‍കുട്ടി വെളിപ്പെടുത്തി.
‘കാര്യങ്ങളെല്ലാം ആന്റിക്കും മാമനും അറിയാമായിരുന്നു. അമ്മയുടെ അടു ത്തേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പോകണ്ടെന്ന് പറഞ്ഞു. അവനെ കാണാന്‍ പോകുമ്പോള്‍ ആന്റി കൂടെയുണ്ടായിരുന്നു. ആന്റിക്ക് എല്ലാം അറിയാം. മാര്‍ച്ച്, ഏപ്രില്‍ മാസമായപ്പോഴേക്കും എല്ലാം അവര്‍ക്കറിയാമായിരുന്നു. പരാതി അവര്‍ പറയുന്നത് പോലെ എന്നെക്കൊണ്ട് എഴുതിച്ചതാണ്’. പെണ്‍കുട്ടി ശബ്ദസന്ദേശത്തില്‍ പറഞ്ഞു.
കേസില്‍ നേരത്തെ തന്നെ പെണ്‍കുട്ടിയുടെ അമ്മ ബന്ധുവിനെതിരെ രംഗത്തുവന്നിരുന്നു. മകളെ പീഡിപ്പിച്ചത് തന്റെ ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നു. പീഡന വിവരം തന്നില്‍ നിന്നു മറച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തിയാണ് മകളെ കൊണ്ട് മൊഴി കൊടുപ്പിച്ചെതെന്നുമായിരുന്നു അമ്മയുടെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കൂടി പ്രതിയായ മൂവാറ്റുപുഴ പോത്താനിക്കാട് പീഡന കേസിലാണ് ആരോപണം. 16കാരിയെയാണ് പ്രധാന പ്രതിയായ റിയാസ് പീഡിപ്പിച്ചത്.