കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെതിരേ പരാതിക്കാരിയായ നടി ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് രഹസ്യമൊഴി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള പ്രധാനപ്പെട്ട നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
കേസില്‍ ബോബി ചെമ്മണ്ണൂരിനെ എറണാകുളത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി എത്രയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം. കോടതിയിൽ ഹാജരാക്കുമ്പോൾ ബോബി ചെമ്മണ്ണൂര്‍ ജാമ്യഹര്‍ജി നല്‍കിയേക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നുതന്നെ നൽകുന്നതിലൂടെ ഇത് തടയുക എന്ന ലക്ഷ്യംകൂടി പോലീസിനുണ്ടെന്നാണ് കരുതുന്നത്. രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയാല്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടുക ബുദ്ധിമുട്ടാവും. ഇത് മുന്നില്‍ കണ്ടാണ് പോലീസ് നീക്കം.
ബുധനാഴ്ച രാവിലെയാണ് നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് വിവരം.