CrimeKeralaNews

വിവാഹിതരെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; തർക്കം തുടരുന്നു, കേസ് മാറ്റിവച്ചു

മുംബൈ: പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിയായ യുവതിയും നൽകിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ഇന്നലെ ബിനോയിയുടെ അഭിഭാഷകനു ഹാജരാകാൻ സാധിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകൻ ഹാജരാകാതിരുന്നതിനു കാരണമെന്നാണു സൂചന.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നൽകിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം. ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.

2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാൽ 2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker