KeralaNews

രഹസ്യനീക്കം ജോര്‍ജ് അറിഞ്ഞു; ഉച്ചയ്ക്ക് കാറില്‍ മുങ്ങി… തിരുവനന്തപുരത്തുണ്ടെന്ന് ഷോണ്‍

കോട്ടയം: മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയ വേളയില്‍ തന്നെ പിസി ജോര്‍ജ് അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ടുവെന്ന് വിവരം. ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും എന്നാല്‍ തിടുക്കത്തില്‍ അറസ്റ്റുണ്ടാകില്ലെന്നും കൊച്ചി കമ്മീഷണര്‍ എസ്എച്ച് നാഗരാജു പറഞ്ഞത് പോലീസിന്റെ പതിവ് അടവാണ് എന്ന് ജോര്‍ജ് മനസിലാക്കിയിരുന്നു.

കോടതി വിധി വന്ന പിന്നാലെ അദ്ദേഹം ബന്ധുവിന്റെ കാറില്‍ വീട്ടില്‍ നിന്ന് പുറത്തുപോയി. കാര്‍ അല്‍പ്പ നേരം കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും അതില്‍ ജോര്‍ജുണ്ടായിരുന്നില്ല. പിസി ജോര്‍ജ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. അതേസമയം, ജോര്‍ജ് തിരുവനന്തപുരത്തുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറയുന്നു. പിസി ജോര്‍ജിനെ നാടെങ്ങും പോലീസ് തിരയുകയാണ്. ഇതൊരു നാടകമാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.

കൊച്ചി വെണ്ണല ക്ഷേത്രത്തില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് പിസി ജോര്‍ജിനെ പോലീസ് തിരയുന്നത്. അറസ്റ്റ് സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. എറണാകുളം കോടതി ഹര്‍ജി തള്ളിയതോടെ പിസി ജോര്‍ജ് അറസ്റ്റ് മണത്തു. ഉടന്‍ പോലീസ് വീട്ടിലെത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു.

അറസ്റ്റിന് തിടുക്കമില്ല, ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം കോടതിയിലെ ഹര്‍ജിയില്‍ വിധി വരുന്നത് വരെ കാത്തിരിക്കാമെന്നാണ് പോലീസ് ആദ്യം പ്രതികരിച്ചത്. എന്നാല്‍ പോലീസിന്റെ ഈ പ്രതികരണം മറ്റൊരു നീക്കത്തിലുള്ള മറയാണെന്ന് പിസി ജോര്‍ജ് മനസിലാക്കി. തന്നെ തേടി വൈകാതെ പോലീസ് വീട്ടിലെത്തുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടു.

ഉച്ചയോടെയാണ് ബന്ധുവിന്റെ കാറില്‍ പിസി ജോര്‍ജ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബന്ധുവിന്റെ കാര്‍ അല്‍പ്പ നേരത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ പിസി ജോര്‍ജുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തില്‍ പിസി ജോര്‍ജ് യാത്ര തുടര്‍ന്നിരിക്കാനാണ് ഒരു സാധ്യത, അല്ലെങ്കില്‍ അധികം വിദൂരമല്ലാത്ത സ്ഥലത്ത് അദ്ദേഹമുണ്ടാകണം.

ഇക്കാര്യത്തിലെ സംശയം ദൂരീകരിക്കുന്നതിനാണ് സഹോദര്‍ ചാര്‍ളി ഉള്‍പ്പെടെയുള്ളവരുടെ വീട്ടിലും മറ്റും പോലീസ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയാണ് ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍ കൊച്ചിയില്‍ നിന്നുള്ള പോലീസ് എത്തിയത്. അതേസമയം തന്നെ, ബന്ധുവീടുകളിലും പോലീസ് പരിശോധിച്ചു. വാഗമണിലും തിരുവനന്തപുരത്തും പരിശോധന തുടര്‍ന്നു. വ്യാപകമായ പരിശോധന നടക്കുകയാണ്.

പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസ് വീട്ടിലെത്തിയത്. പിസി ജോര്‍ജ് തിരുവനന്തപുരത്തുണ്ടെന്നും വൃത്തികേടുകള്‍ വരുന്നത് കൊണ്ടാണ് മൊബൈല്‍ ഫോണ്‍ ഒഫാക്കിയതെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു.

പിസി ജോര്‍ജ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന തുടരുകയാണ്. ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന. തിരുവനന്തപുരത്തുണ്ടെന്ന ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം പോലീസ് വിശ്വസിച്ചിട്ടില്ല. ശ്രദ്ധ തിരിക്കാനുള്ള നീക്കമാകാം ഇതെന്ന് പോലീസ് കരുതുന്നു. അതേസമയം, പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന തുടരുന്നുമുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അറസ്റ്റിന് കോപ്പുകൂട്ടുന്നത് എന്ന് പിസി ജോര്‍ജുമായി അടുപ്പമുള്ളവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ഒരു നാടകമാണെന്ന് പ്രതിപക്ഷം പറയുന്നു. അറസ്റ്റ് ചെയ്യില്ലെന്നും അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നുമാണ് ഇവരുടെ പ്രതികരണം. ഏതായാലും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നവരെ പിസി ജോര്‍ജ് ഒളിവില്‍ തുടരാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker