കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗികാരോപണത്തിൽ നിയമോപദേശം തേടി പൊലീസ്. ഗവർണർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയാണ് ഗവർണർക്കെതിരെ കൽക്കത്ത ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.രണ്ട് തവണ ഓഫീസിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ സാഗരിക ഘോഷ് എം.പി അടക്കമുള്ള തൃണമൂൽ നേതാക്കളാണ് പുറത്തുവിട്ടത്.
തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആനന്ദബോസ് പ്രതികരിച്ചിട്ടുണ്ട്. സത്യം ജയിക്കുമെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആരോപണം തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ നിർവീര്യമാക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്‌ഭവൻ ജീവനക്കാർ ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ ഗവർണർ താക്കീത് നൽകിയിരുന്നു. ഇതിൽ പ്രതികാരം തീർക്കുകയാണ് ജീവനക്കാരിയെന്നുമാണ് രാജ്‌ഭവൻ അറിയിച്ചത്.