KeralaNews

ചൂരൽമല വില്ലേജ് ഓഫീസ് റോഡിൽ നിന്നും മാത്രം 39 മൃതദേഹങ്ങൾ കണ്ടെടുത്തു, മണ്ണിനടിയിൽ തിരച്ചിൽ, മരണസംഖ്യ ഉയരുന്നു

കൽപ്പറ്റ : വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ മൂന്നാം ദിവസം തീരാ നോവായി ചൂരൽമല വില്ലേജ് ഓഫീസ് റോഡ്. വില്ലേജ് ഓഫീസ് റോഡിൽ നിന്നും മാത്രം ആകെ 39 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് മാത്രം 7 മൃതദേഹങ്ങളും ചില ശരീരഭാഗങ്ങളും കണ്ടെത്തി. ആറ് മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണിനടിയിൽ ഒരേ സമയം തെരച്ചിൽ നടത്തുകയാണ്.

ഉരുൾപ്പൊട്ടലിൽ കൂറ്റൻ മരങ്ങളും കല്ലുകളും ഇവിടെ വന്നടിഞ്ഞിട്ടുണ്ട്. കനത്ത മഴയിലും ഇതെല്ലാം മാറ്റിയാണ് മൃതദേഹങ്ങൾ തിരയുന്നത്. പുഴയോട് ചേർന്ന പ്രദേശമാണിത്. ഇന്ന് മാത്രം 7 മൃതദേഹങ്ങളിവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെ കുറിച്ച് രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ദിവസം അറിവുണ്ടായിരുന്നില്ല.

ഇന്നലെയാണ് ഈ ഭാഗത്തേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. തിരച്ചിലിൽ 39 മൃതദേഹങ്ങളും കണ്ടെടുത്തു. പുഴയിലെ ഒഴുക്കും പ്രതികൂല കാലാവസ്ഥയും  തടസമായതോടെ സൈന്യവും നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും എൻഡിആർഎഫും മേഖലയിൽ നടത്തി വന്ന തിരച്ചിൽ വൈകിട്ടോടെ അവസാനിപ്പിച്ചു. 

മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന് രക്ഷാ പ്രവർത്തകരെ തിരിച്ചിറക്കി തുടങ്ങി. . ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴ പെയ്യുന്നത്. രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് തിരിച്ചിറക്കി.

മുണ്ടക്കൈയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തല്‍ക്കാലത്തേക്ക് മാറാനാണ് നിര്‍ദേശം. ഇതുവരെ 281 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി.

ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായാണ് ആകെ 29 വിദ്യാർത്ഥികളെ കാണാതായത്. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker