കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി. ആസൂത്രിതമായ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയത്. നാല് കുവൈത്തി പൗരന്മാരെയും മൂന്ന് പ്രവാസികളെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈത്തില്‍ വധശിക്ഷ നടപ്പാക്കുന്നത്.
ശിക്ഷ നടപ്പാക്കിയ നടപടിക്രമങ്ങള്‍ക്ക് മേലനോട്ടം വഹിച്ചതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നാല് കുവൈത്തി പൗരന്മാരില്‍ ഒരാള്‍ വനിതയാണ്. ഇവര്‍ക്ക് പുറമെ ഒരു സിറിയന്‍ പൗരന്റെയും ഒരു പാകിസ്ഥാനിയുടെയും ഒരു എത്യോപ്യന്‍ സ്വദേശിനിയുടെയും വധശിക്ഷയാണ് കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കിയത്.
രണ്ട് കുവൈത്ത് പൗരന്മാരില്‍ ഒരാള്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തുകയും ലൈസന്‍സില്ലാതെ തോക്കുകളും വെടിക്കോപ്പുകളും കൈവശം വെയ്ക്കുകയും ചെയ്‍തയാളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്‍താവനയില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കൊലപാതക കുറ്റങ്ങളുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് എല്ലാ പ്രതികളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വധശിക്ഷ നടപ്പാക്കിയതില്‍ യൂറോപ്യന്‍ യൂണിയന്‍ കുവൈത്തിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബ്രസല്‍സില്‍ കുവൈത്ത് അംബാസഡറെ വിളിച്ചുവരുത്തിയായിരുന്നു പ്രതിഷേധം അറിയിച്ചത്. അതേസമയം കുവൈത്തിന്റെ ആഭ്യന്തര കാര്യത്തിലോ നീതിന്യായ വ്യവസ്ഥകളിലോ ഇടപെടാന്‍ സുഹൃദ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ആരെയും അനുവദിക്കില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലെം അബ്‍ദുല്ല അല്‍ സബാഹ് പറഞ്ഞു.
കുവൈത്തില്‍ വധശിക്ഷകള്‍ നടപ്പാക്കപ്പെടുന്നത് അത്ര സാധാരണമല്ല. ഇതിന് മുമ്പ് 2017ലാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ഒരു രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. അതിന് മുമ്പ് 2013ലായിരുന്നു രാജ്യത്ത് വധശിക്ഷ നടപ്പാക്കിയത്.