'നഗ്നമായ ഭരണഘടനാ ലംഘനം'; ട്രംപിന് തിരിച്ചടി, ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിനു സ്റ്റേ
വാഷിങ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കാനുള്ള ട്രംപിന്റെ നീക്കം സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞു. തുടര്‍നടപടികള്‍ 14 ദിവസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ട്രംപിന്റെ നീക്കത്തെ 'നഗ്നമായ ഭരണഘടനാ ലംഘനം' എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്.
നാല് അമേരിക്കന്‍ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ഉത്തരവിന് കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ സംസ്ഥാനങ്ങളാണ് കോടതിയിലെത്തിയത്. യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച യു.എസ്. ഡിസ്ട്രിക്ട് ജഡ്ജി ജോണ്‍ കോഗ്‌നോര്‍ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചു.
ജന്മാവകാശ പൗരത്വം ട്രംപ് റദ്ദാക്കിയതിനെതിരേ നേരത്തെ തന്നെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ രംഗത്ത് എത്തിയിരുന്നു. 22 സംസ്ഥാനങ്ങളാണ് ഇതിനെതിരേ രംഗത്ത് വന്നത്. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിരുന്നു. നിയമം വഴി നിലവില്‍ വന്നതും ഭരണഘടനയുടെ ഭാഗവുമായ ഒരു സംവിധാനത്തെ വെറുമൊരു ഉത്തരവിലൂടെ ഇല്ലാതാക്കാനാകില്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. പുതിയ ഉത്തരവ് പ്രകാരം മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കില്ല.