വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍ വിലകൂടും; പ്രളയ സെസില്‍ വില കൂടുന്ന ഉത്പന്നങ്ങള്‍ ഇവയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയസെസ് നിലവില്‍ വരും. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം വില വര്‍ധിക്കും. കാല്‍ ശതമാനം പ്രളയസെസ് ഉള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പവന് 71 രൂപ മുതല്‍ വര്‍ധിക്കും.
പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് 1 ശതമാനം പ്രളയ സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. 12%,18%,28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ന് മുതല്‍ സെസ് ചുമത്തുക.
വാഹനങ്ങള്‍, ടി.വി, റഫ്രജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മരുന്നുകള്‍, ആയിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള തുണിത്തരങ്ങള്‍, കണ്ണട, ചെരുപ്പ്, നോട്ട്ബുക്ക്, ബാഗ്, മരുന്നുകള്‍, ശീതീകരിച്ച ഇറച്ചി, ഐസ്‌ക്രീം, ചോക്കലേറ്റ്, ജാം, കുപ്പിവെള്ളം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം ഒരു ശതമാനം പ്രളയസെസ് ബാധകമാണ്. സിമന്റ്, പെയിന്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍, വയറിങ് കേബിള്‍ തുടങ്ങിയ നിര്‍മാണവസ്തുക്കള്‍ക്കും വില കൂടും. ഇന്‍ഷ്വറന്‍സ്, ഹോട്ടല്‍ മുറിവാടക, സിനിമ, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയ സേവനങ്ങളുടെയും നിരക്കില്‍ വര്‍ധനയുണ്ടാകും.
അരി,പഞ്ചസാര,ഉപ്പ്,പഴങ്ങള്‍,പച്ചക്കറികള്‍ തുടങ്ങി 5% ത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം,ബസ്,ട്രയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഏക ആശ്വാസം. ജി.എസ്.ടിക്ക് പുറത്തുളള പെട്രോള്‍,ഡീസല്‍,മദ്യം,ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് നല്‍കേണ്ടതില്ല.