ചണ്ഡീഗഡ് : പഞ്ചാബിൽ 11 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ. ഇയാൾ കൊലപ്പെടുത്തിയ ഇരകൾ എല്ലാവരും സ്വവർഗാനുരാഗികൾ ആയിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരകളെ കണ്ടെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊല്ലുന്നതായിരുന്നു ഇയാളുടെ രീതി.
ഹോഷിയാർപൂർ ജില്ലയിലെ ചൗഡ ഗ്രാമത്തിലെ രാം സരുപ്പ് എന്ന സോധി (43) ആണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ കിരാത്പൂർ സാഹിബിലെ മൗറ ടോൾ പ്ലാസയ്ക്ക് സമീപം ചായ വിൽപനക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ദീർഘനാളായി നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ താൻ മുൻപ് പത്ത് കൊലപാതകങ്ങൾ കൂടി ചെയ്തിരുന്നതായി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് അറിയിച്ചു. ശാരീരിക ബന്ധത്തിന് ശേഷം ഇയാൾ പണം ആവശ്യപ്പെടാറുണ്ടെന്നും അതിന് വഴങ്ങാത്തവരെ കൊലപ്പെടുത്തിയ ശേഷം സാധനങ്ങളും മറ്റും മോഷ്ടിക്കുകയാണ് പതിവ് എന്നും പോലീസ് വ്യക്തമാക്കുന്നു. കിരാത്പൂർ സാഹിബിലെ കൊലപാതകത്തിന് ശേഷം പ്രതി മരിച്ചയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ 11 കൊലപാതകങ്ങളുടെ ചുരുളഴിച്ചിരിക്കുന്നത്.