
കൊല്ലം: ‘പ്രായപരിധിയിൽ ഒരുതവണകൂടി പിണറായിക്ക് ഇളവുനൽകേണ്ട കാര്യമില്ല’-കൃത്യവും വ്യക്തവുമായാണ് മുതിർന്ന സി.പി.എം. നേതാവ് പി.കെ.ഗുരുദാസൻ ഇങ്ങനെ പറഞ്ഞത്. ‘ഇപ്പോൾത്തന്നെ ഒരാളെ ഉയർത്തിക്കൊണ്ടുവന്നാൽ ഇടയ്ക്ക് പിണറായിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാമല്ലോ. അപ്പോൾ അവർക്ക് അനുഭവപരിചയവുമുണ്ടാകും’-അദ്ദേഹം പറയുന്നു. സി.പി.എമ്മിൽ നേതൃദാരിദ്ര്യമില്ലെന്നും പി.രാജീവും കെ.എൻ.ബാലഗോപാലും എം.ബി.രാജേഷും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും ഗുരുദാസൻ വ്യക്തമാക്കുന്നു.
മൂന്നുപേരുടെ പേരുമാത്രം എടുത്തുപറഞ്ഞെന്നതും ശ്രദ്ധേയമാണ്. പഴയ വി.എസ്.പക്ഷത്തെ പോരാളിയായിരുന്നു പി.കെ.ഗുരുദാസൻ. പിന്നീട് പാർട്ടി നേതൃത്വത്തിനൊപ്പം നിന്നെങ്കിലും കൊല്ലം നിയമസഭാ മണ്ഡലത്തിൽ മൂന്നാം തവണ അവസരം നൽകാതിരുന്നതിൽ അന്നേ അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു. കഴിഞ്ഞതവണ എം.മുകേഷിനെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിനെ അദ്ദേഹം ജില്ലാ കമ്മിറ്റിയിൽ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. മുറിവേറ്റ പഴയ നേതാവ് തക്കംവന്നപ്പോൾ ആഞ്ഞടിച്ചതാണെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്.
‘പ്രായമാണ് പ്രശ്നമെങ്കിൽ 75 വയസ്സ് തികയുന്ന ദിവസംതന്നെ പാർട്ടി നേതൃത്വത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നടപ്പാക്കണ’മെന്ന് കഴിഞ്ഞദിവസം മറ്റൊരു മുതിർന്ന നേതാവായ ജി.സുധാകരൻ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കിയതോടെ കഴിഞ്ഞതവണ വലിയ നേതൃനിരയ്ക്ക് മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നിരുന്നു.
മന്ത്രിസ്ഥാനത്തും രണ്ടാംവട്ടം പ്രമുഖ നേതാക്കളാരും പരിഗണിക്കപ്പെട്ടില്ല. ഈ അമർഷം രണ്ട് നേതാക്കളിലൂടെ പുറത്തുവരിക മാത്രമായിരുന്നോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നിലവിലെ പാർട്ടി നേതൃത്വത്തിലെ ചിലരുടെയെങ്കിലും വികാരമാണോ മുതിർന്ന നേതാക്കളുടെ പ്രസ്താവനയ്ക്കു പിന്നിലെന്ന് സംശയിക്കുന്നവരുണ്ട്.