
അഹമ്മദാബാദ്: സെമി സമ്മാനിച്ചത് ഒരേ ഒരു റണ്ണിന്റെ ലീഡ്. ഫൈനലിലേക്ക് വഴിയൊരുക്കുകയാകട്ടെ പൊരുതി നേടിയ രണ്ട് റണ്‍സിന്റെ ലീഡ്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ പോലും ഒരു ടീമും ഇങ്ങനെ ഫോട്ടോഫിനീഷ് അതിജീവിച്ച് ക്വാര്‍ട്ടറും സെമിയും കടന്നിട്ടുണ്ടാകില്ല. രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ സുവര്‍ണതലമുറ ഫൈനലിലേക്ക് അങ്ങനെ നീങ്ങുകയാണ്.
ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരേ വിജയത്തോളം പോന്ന സമനിലക്കളിയില്‍ ഒന്നാമിന്നിങ്‌സില്‍ നേടിയ ഒരു റണ്‍ ലീഡാണ് കേരളത്തിന് സെമിയിലേക്ക് വഴിതുറന്നത്. തോല്‍ക്കാന്‍ തയ്യാറല്ലാതെ സല്‍മാന്‍ നിസാര്‍ രണ്ട് ഇന്നിങ്‌സിലും നടത്തിയ വീരോചിത പോരാട്ടമാണ് കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്തായത്. ഒന്നാം ഇന്നിങ്‌സില്‍ 200 റണ്‍സിന് ഒമ്പത് വിക്കറ്റ് പോയിട്ടും ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് 80 റണ്‍സാണ് പത്താം വിക്കറ്റില്‍ നേടിയത്.
അതേ തന്ത്രം മുന്‍കൂട്ടി പ്രതീക്ഷിച്ചുതന്നെയാണ് കേരളം സെമിയില്‍ ഗുജറാത്തിനെതിരെയും ഇറങ്ങിയത്. റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് വളരെ പതുക്കെയാക്കി, വിക്കറ്റ് കാത്ത് പരമാവധി നേരം കളിച്ച് പരമാവധി റണ്‍സ് നേടി ഒന്നാം ഇന്നിങ്‌സ് സുരക്ഷിത സ്‌കോര്‍ കണ്ടെത്തുക. അങ്ങനെ രണ്ട് ദിവസം മുഴുവനും മൂന്നാംദിനം ആദ്യ സെഷന്റെ പാതിയും കേരളം ബാറ്റുചെയ്ത് 457 എന്ന സ്‌കോറിലെത്തിച്ചു. കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയും (177നോട്ടൗട്ട് ) ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് കേരളത്തിന് കരുത്തായത്.
സ്‌കോറിങ് വേഗംകൂട്ടി കേരളത്തിന്റെ ഒപ്പമെത്താന്‍ പരമാവധി ശ്രമിച്ച ഗുജറാത്തിനെ, ഒടുക്കം രണ്ട് റണ്‍സ് അകലത്തില്‍ കേരളം എറിഞ്ഞിട്ടു. കേരളത്തിന്റെ 457-നെതിരേ ബാറ്റേന്തിയ ഗുജറാത്ത് 455-ന് പുറത്ത്. രണ്ട് റണ്‍സ് നേടി ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍പ്പോലും, ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ ബലത്തില്‍ ഗുജറാത്താണ് ഫൈനലില്‍ കയറുക. ഇന്ന് അവസാന ദിവസമായിരിക്കേ, കേരളത്തിന് തോല്‍ക്കാതിരുന്നാല്‍ മാത്രംമതി. ഒരുദിവസത്തിന്റെ ഭാഗികസമയംമാത്രം ശേഷിക്കേ, രണ്ട് ടീമിനും ഓരോ ഇന്നിങ്‌സും ബാക്കിയുണ്ട്. അതിനാല്‍ത്തന്നെ സമനിലയ്ക്കാണ് സാധ്യത.
അഞ്ചാംദിനം മൂന്ന് വിക്കറ്റ് കൈയിലിരിക്കേ 29 റണ്‍സ് മതിയായിരുന്നു ഗുജറാത്തിന് ലീഡ് നേടാന്‍. തലേന്നാള്‍ ക്രീസില്‍ നിലയുറപ്പിച്ച ജയ്മീത് പട്ടേലിനെയും സിദ്ദാര്‍ഥ് ദേശായിയെയും പുറത്താക്കി സാര്‍വതെയാണ് അപകടമൊഴിവാക്കിയത്. തുടര്‍ന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നഗ്വാസ്വല്ലയെയും മടക്കി സര്‍വാതെ കേരളത്തെ കാത്തു. ഇതിനിടെ ഗുജറാത്തിന് ജയിക്കാന്‍ എട്ടു റണ്‍സിനിടെ സ്ലിപ്പില്‍ സല്‍മാന്‍ നിസാര്‍ നഗ്വാസ്വല്ലയുടെ ക്യാച്ച് കൈവിട്ടിരുന്നു.
ബാറ്റിങ് കരുത്തുകൊണ്ട് ടീമിനെ ഇവിടെവരെയെത്തിച്ച സല്‍മാന്‍തന്നെ ഒടുക്കം ഫൈനല്‍ മോഹത്തിന്റെ ചിറകരിഞ്ഞെന്ന് തോന്നിച്ച ഘട്ടമായിരുന്നു അത്. എന്നാല്‍ ഗുജറാത്തിന് രണ്ട് റണ്‍സ് മാത്രം വേണ്ടിയിരിക്കേ, നഗ്വാസ്വല്ല ഒരു കൂറ്റനടിക്ക് മുതിര്‍ന്നത് സല്‍മാന്റെ ഹെല്‍മറ്റില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി. സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അത് ക്യാച്ചെടുത്തു. തെല്ലൊന്ന് കാത്തുനിന്ന അമ്പയര്‍ ഔട്ട് വിധിച്ചതോടെ കേരളം രണ്ട് റണ്‍സിന്റെ ലീഡ് നേടി.