കോട്ടയം:തിരുനക്കര മൈതാനം,ഗാന്ധിപ്രതിമ എന്നിവ കഴിഞ്ഞാല്‍ കോട്ടയം പട്ടണത്തിലെ ഏറ്റവും പ്രധാന അടയാളങ്ങളിലൊന്നായിരുന്നു ശീമാട്ടി റൗണ്ടാന.നഗരസഭയ്ക്കും പി.ടി.ചാക്കോ പ്രതിമയ്ക്കുമിടയിലുള്ള വിശാലമായ റൗണ്ടില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു.സംഗീത ജലധാര,പുല്ലുവച്ചുപിടിപ്പിച്ച് മനോഹരമാക്കല്‍ തുടങ്ങി നഗരസഭാ ഭരണസമിതികള്‍ മാറി മാറി പരിഷ്‌കരങ്ങള്‍ നടപ്പിലാക്കി. റൗണ്ടിന്റെ വലുപ്പം കുറച്ചും കൂട്ടിയും പരീക്ഷണങ്ങള്‍ നടന്നു.നഗരത്തില്‍ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലവുമാണ് റൗണ്ടാന.
2016 ലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റൗണ്ടാനയില്‍ ആകാശപ്പാതയെന്ന പുതുയ പദ്ധതിയുമായി എത്തിയത്.തറക്കല്ലിടല്‍ ആഘോഷമായി നടന്നു.ഏതാനും ഉരുക്കു തൂണുകളും സ്ഥാപിച്ചു.എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല.ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിയ്ക്കുകയാണ് നാഥനില്ലാത്ത തൂണുകള്‍. പദ്ധതി തുടങ്ങിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആകാശപ്പാതയേക്കുറിച്ച് മിണ്ടാട്ടമില്ല.സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിയ്ക്കാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ് എം.എല്‍.എ കൈകഴുകുന്നു.
ആകാശപ്പാതയുടെ നിര്‍മ്മാണം നടക്കുന്ന ശീമാട്ടി റൗണ്ടാനയ്ക്ക് നാറാണത്തു ഭ്രാന്തന്‍ സ്‌ക്വയര്‍ എന്ന് ഡി.വൈ.എഫ്.ഐ നേരത്തെ നാമകരണം ചെയ്തിരുന്നു. ഇപ്പോള്‍ ആകാശപാതയില്‍ ഊഞ്ഞാല്‍ കെട്ടിയാണ് യുവമോര്‍ച്ച സമരം നടത്തിയത്.നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാക്കാതെ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം.
അഞ്ചുകോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഈ പണം ഉണ്ടായിരുന്നെങ്കില്‍ നഗരത്തില്‍ ക്രിയാത്മകമായ എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കാമായിരുന്നുവെന്നാണ് നഗരസഭാ പ്രതിപക്ഷത്തിന്റെ ആരോപണം.