കാസർകോട്: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേര്‍ന്നത്
ട്രെയിനിന്റെ സമയക്രമം
കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ്. രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും.
വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്ഥിരം സ്റ്റോപ്പ് അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൽനിന്ന് ഉറപ്പ് ലഭിച്ചതായി ബിജെപി. മന്ത്രിയുടെ ഓഫീസുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു ലഭിച്ചതെന്നു ബിജെപി മലപ്പുറം ജില്ലാ പ്രസിഡൻ്റ് രവി തേലത്ത് അറിയിച്ചു. 24ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് എക്സപ്രസ് വൈകിട്ട് 3:42 ന് തിരൂരിലെത്തുമെന്നും ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉജ്വലമായ സ്വീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന കാര്യം റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. രണ്ടാം വന്ദേ ഭാരതിൻ്റെ സ്റ്റോപ്പുകളും സമയക്രമവും കഴിഞ്ഞദിവസം റെയിൽവേ പുറത്തുവിട്ടിരുന്നു. ഇതിൽ തിരൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെട്ടിട്ടില്ല.
ആദ്യ വന്ദേ ഭാരതിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രണ്ടാം വന്ദേ ഭാരതിനെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയകക്ഷികളും വിവിധ സംഘടനകളും ഇതിനകം രംഗത്തെത്തിയിരുന്നു.
രണ്ടാം വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ്പില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് കേന്ദ്രം മലപ്പുറം ജില്ലയെ അവഗണിക്കുന്നതെന്നാണ് പലരുടെയും ചോദ്യം. സ്ഥിരം ട്രെയിൻ യാത്രക്കാരും ഇക്കാര്യത്തിൽ നിരാശരാണ്.
ജില്ലയിലുള്ളവർക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യണമെങ്കിലും ഷൊർണൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നേരത്തെ, ആദ്യ വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി എത്തിയിരുന്നു.