കുറുപ്പിന്റെ രണ്ടാം ഭാഗം വരുന്നു! അലക്സാണ്ടറായി ദുല്‍ഖര്‍; മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് താരം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പിന് രണ്ടാം ഭാഗം വരുന്നു. ദുല്‍ഖര്‍ സല്‍മാനാണ് മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
അതേസമയം 80 കോടി കളക്ഷന്‍ നേടി കുറുപ്പ് തീയേറ്ററുകളില്‍ അഞ്ചാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്.
കുറുപ്പിന്റെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ‘ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും’, എന്നായിരുന്നു ശ്രീനാഥ് ഇതേക്കുറിച്ച് പറഞ്ഞത്. ശ്രീനാഥ് ഒരുക്കിയ ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ശോഭിത ധുലിയാണ് കുറുപ്പില്‍ ദുല്‍ഖറിന്റെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയ രാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.