മൂന്നുവര്‍ഷത്തിനിടെ രണ്ടാമത്തെ അപകടം; തകര്‍ന്നുവീണത് റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്റര്‍
മൂന്നു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇന്ത്യന്‍ വ്യോമസേനയുടെ റഷ്യന്‍ നിര്‍മ്മിത എംഐ 17 വി 5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. 2019 ഫെബ്രുവരി 17ന് ശ്രീനഗറിലെ ബദ്ഗാനില്‍ തകര്‍ന്നുവീണതും ഇതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റര്‍. അന്ന് ഇന്ത്യയുടെ തന്നെ മിസൈല്‍ തട്ടിയാണ് എംഐ 17 വി5 തകര്‍ന്നു വീണത്. എന്നാല്‍, തമിഴ്നാട്ടിലെ ദുരന്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
രാജ്യാന്തര തലത്തില്‍ പേരുകേട്ട, റഷ്യന്‍ നിര്‍മിത എംഐ17 വി5 ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍മൂലം തകര്‍ന്നുവീഴാന്‍ സാധ്യതയില്ലെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധരെല്ലാം അന്ന് പറഞ്ഞിരുന്നത്. ശത്രു-മിത്ര വിമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഐഡറ്റിഫിക്കേഷന്‍ ഓഫ് ഫ്രണ്ട് ഓര്‍ ഫോ (ഐഎഫ്എഫ്) ഹെലികോപ്റ്ററില്‍ ഓഫ് ആയിരുന്നു അന്ന്.
വ്യോമപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ റഡാറുകള്‍ക്ക് വിമാനത്തെ വേര്‍തിരിച്ചറിയാനുളള സാഹചര്യം ഇത് ഇല്ലാതാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ശ്രീനഗര്‍ വ്യോമതാവളത്തിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിനു തൊട്ടുമുന്‍പ് ഇന്ത്യ ഒരു മിസൈല്‍ വിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇരുപത്തഞ്ചോളം പാകിസ്ഥാന്‍ വിമാനങ്ങള്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
പാക് യുദ്ധവിമാനങ്ങള്‍ക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങള്‍ (യുഎവി) ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. വേഗംകുറച്ച് താഴ്ന്നുപറന്ന ഇന്ത്യന്‍ കോപ്റ്റര്‍ റഡാറില്‍ കണ്ടപ്പോള്‍ പാക്ക് യുഎവി ആയി സംശയിച്ച് മിസൈല്‍ അയച്ചതായി നേരത്തെ സംശയമുയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാല് പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സുലൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് കോളജിലേക്കു പോവുകയായിരുന്നു കോപ്റ്റര്‍. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു വഴിവച്ചതെന്നാണ് വിവരം. കട്ടേരി വനപ്രദേശത്താണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. തകര്‍ന്നുവീണ കോപ്റ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.