തൃശ്ശൂർ: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് മറ്റൊരു കുട്ടിയെ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിത് തംസുമിനായി സംസ്ഥാനത്ത് പലയിടങ്ങളിലും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് കാണാതായ കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയിൽവെ സംരക്ഷണ സേന വിവരം നൽകിയത്. തുടർന്ന് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇത് തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയല്ലെന്നും തിരുപ്പൂരിൽ നിന്ന് കാണാതായ അനുപ്രിയ എന്ന കുട്ടിയാണെന്നും സ്ഥിരീകരിച്ചത്. ഈ കുട്ടിയ്ക്ക് തിരുവനന്തപുരത്ത് ബന്ധുക്കളുണ്ടെന്നും മനസിലായി. തുടർന്ന് മാതാപിതാക്കളെ വിവരമറിയിച്ച ശേഷം കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.
തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.
ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. പെൺകുട്ടിയുടെ അച്ഛൻ ഇത് തന്റെ മകൾ തന്നെയെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാൽ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.