തിരുവനന്തപുരം: സ്‌കൂട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍. ആനന്ദകുമാറാണ് എന്‍ജിഒ കോണ്‍ഫഡറേഷന്റെ ഉപദേശകനായി തന്നെ നിയോഗിച്ചത്. തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്നും ജസ്റ്റിസ് പറഞ്ഞു.
സംഘടന പിരിവ് നടത്തുന്നതായി അറിഞ്ഞതോടെ തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് കരുതിയാണ് ആനന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ചത്. ആനന്ദകുമാര്‍ കള്ളമാണ് പറയുന്നതെന്ന് കരുതിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
ആനന്ദകുമാറിനെ ദീര്‍ഘകാലമായി അറിയാം. എന്‍ജിഒ കളുടെ ഒരു സംഘടന ഉണ്ടാക്കുന്നുണ്ടെന്നും തന്നെ ഉപദേശകനായി വെച്ചോട്ടെ എന്നും ചോദിച്ച് ആനന്ദകുമാര്‍ സമീപിച്ചുവെന്നും ജസ്റ്റിസ് പറയുന്നു. എന്നാല്‍ ഒരു എന്‍ജിഒയും ആനന്ദകുമാറും ഇന്നുവരെ തന്നോട് യാതൊരു ഉപദേശവും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിക്കപ്പെട്ട മുഖ്യ സൂത്രധാരന്‍ അനന്തു കൃഷ്ണനെ പരിചയമില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ ജൂലായ് മാസങ്ങളിലാണ് സ്‌കൂട്ടര്‍ കൊടുക്കാമെന്ന് പറഞ്ഞ് സ്ത്രീകളുടെയെല്ലാം കയ്യില്‍ നിന്ന് പണം പിരിക്കുന്നതായി അറിഞ്ഞത്. ഇത് ശരിയല്ലെന്ന് തോന്നിയതോടെ ആനന്ദകുമാറിനെ വിളിച്ച് ഉപദേശക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് അറിയിച്ചു. അത് സമ്മതിക്കുകയും ചെയ്തു. എന്‍ജിഒകളുടെ ഒന്ന് രണ്ട് പൊതു യോഗങ്ങളില്‍ പ്രസംഗിക്കാന്‍ വിളിച്ചിട്ടുണ്ട്
എന്നല്ലാതെ ഫെഡറേഷന്റെ യോഗങ്ങളിലൊന്നും പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടില്ല. സംഘടനയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. വിരമിച്ച ഒരു ജഡ്ജി ഉപദേശകനാണ് എന്നത് വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നതിനാലായിരിക്കണം തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അനന്തുകൃഷ്ണന്‍ തന്നെ വഞ്ചിച്ചതാണെന്നാണ് ആനന്ദകുമാറിന്റെ പ്രതികരണം. തട്ടിപ്പില്‍ തന്നെ ആയുധമാക്കുകയായിരുന്നുവെന്നും ആനന്ദകുമാര്‍ പറയുന്നു.